1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2017

സ്വന്തം ലേഖകന്‍: ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകനെ താഴെയിറക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത്. മരത്തില്‍ കയറിയ സമരക്കാരനെ അഞ്ചു മണിക്കൂര്‍ ശ്രമിച്ചതിനു ശേഷമാണ് അനുനയിപ്പിച്ച് താഴെയിറക്കാന്‍ കഴിഞ്ഞത്. നേരത്തെ സബ്കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ഇയാള്‍ താഴെ ഇറങ്ങാന്‍ തയ്യാറായിരുന്നില്ല.

ലോ അക്കാഡമി സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (68) ആണ് മരിച്ചത്. സംഘര്‍ഷം കണ്ടു നിന്നയാളായിരുന്നു അബ്ദുള്‍ ജബ്ബാര്‍ എന്നു പറയുന്നു. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചത്. അതേസമയം ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെയും ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെയും ആരോഗ്യനില വഷളായി.

ദളിത് പീഡന നിയമപ്രകാരം ലക്ഷ്മി നായരുടെ അറസ്റ്റ്, ലക്ഷ്മി നായരെ പുറത്താക്കുക, വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ബുധന്‍, വ്യാഴം തീയതികളില്‍ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ സമരവും കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ നിരാഹാര സമരവും തുടരുന്നതിനാല്‍ ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നടത്തിയ അനുരഞ്ജന ശ്രമവും പാളിയതോടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.