1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2017

സ്വന്തം ലേഖകന്‍: പാചക താരം ലക്ഷ്മി നായര്‍ വിവാദക്കുരുക്കില്‍, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. കൈരളി ചാനലിലെ കുക്കറി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ ലക്ഷ്മി നായരാണ് ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍. ഇവര്‍ക്കെതിരില്‍ ജാതീയ അധിക്ഷേപം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.

ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചില എംഎല്‍എമാരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തുണയുമായി എത്തിയതോടെ സമരം കൂടുതല്‍ ശക്തമായി. സംസ്ഥാനത്തെ പല സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരേയും സമരം നടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടാണ് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിനിറങ്ങിയത് എന്ന പ്രത്യേകതയുണ്ട്.

തൃശൂര്‍ നെഹ്രു കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസങ്ങളിലാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ അച്ചടക്ക നടപടികളും പീഡനങ്ങളും വാര്‍ത്തയായത്. ഉടന്‍ തന്നെ കെഎസ്‌യുവും എംഎസ്എഫും പിറകെ എസ്എഫ്‌ഐയും സമരം തുടങ്ങിയിരുന്നു. ഹോസ്റ്റലില്‍ എല്ലായിടത്തും കാമറകള്‍ സ്ഥാപിച്ചു വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യതയെ ഹനിക്കുന്ന പ്രിന്‍സിപ്പല്‍, ജാതിയുടേയും നിറത്തിന്റേയും അടിസ്ഥാനത്തില്‍ അവഹേളിക്കുകയാണെന്ന ഗുരുതരമായ ആരോപണം വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.

എന്തെങ്കിലും എതിര്‍ത്തുപറഞ്ഞാല്‍ ഇന്റേണല്‍ മാര്‍ക്ക് തരാതെ പ്രതികാരം വീട്ടും, ഭാവി തുലച്ചുകളയും എന്നുള്ള ഭീഷണി ഭയന്നാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും ഇനിയും സഹിക്കാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചാല്‍ ‘മക്കള്‍ ഗര്‍ഭം ഉണ്ടാക്കിക്കൊണ്ടുവരുന്നതു കാണേണ്ടിവരും’ എന്ന തരത്തില്‍ സഭ്യേതരമായ രീതിയില്‍ രക്ഷിതാക്കളോടു വിളിച്ചു പറയുന്ന പ്രിന്‍സിപ്പല്‍ അടുപ്പമുള്ളവര്‍ക്ക് കോളെജില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണെന്നും ആരോപണമുണ്ട്.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ തങ്ങള്‍ പിന്മാറില്ലെന്നാണ് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒരേ സ്വരത്തില്‍ പറയുന്നത്. അതേസമയം തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ സൗഹൃദങ്ങള്‍ക്ക് അക്കാദമിയില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിരുവിട്ട സൂഹൃദങ്ങള്‍ നിയന്ത്രിക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യും. അത് സ്ഥാപനത്തിന്റെ രക്ഷാധികാരി എന്ന നിലയില്‍ തന്റെ കടമയാണെന്നും ലക്ഷ്മി നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ താന്‍ അസഭ്യം പറഞ്ഞുവെന്ന ആരോപണവും അവര്‍ നിഷേധിച്ചു. തന്റെ കുടുംബ പശ്ചാത്തലവും സാമൂഹിക നിലവാരവും അതിന് തന്നെ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ലൈബ്രറിയും കളിക്കാന്‍ ഗ്രൗണ്ടും നല്‍കിയിട്ടുണ്ട്. പാര്‍ലമെന്ററി രീതിയിലുള്ള തെരഞ്ഞെടുപ്പാണ് കാമ്പസില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് സമയവും അധിക ഹാജരും നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഒരാഴ്ചയോളം അക്കാദമിക്ക് അവധിയും നല്‍കുന്നുണ്ടെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.