1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2017

സ്വന്തം ലേഖകന്‍: ലോ അക്കാദമി പ്രശ്‌നം, രാജി വക്കില്ലെന്ന നിലപാടില്‍ ഉറച്ച് ലക്ഷ്മി നായര്‍, സമരക്കാരുമായി നടത്തിയ ചര്‍ച്ച അലസി. പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജ് മാനേജ്‌മെന്റും സമരം ചെയ്യുന്ന വിദ്യാര്‍ഥികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറിനിന്നു കൊണ്ട് അവധിയില്‍ പ്രവേശിക്കാമെന്ന മാനേജ്‌മെന്റ് നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളെ അറിയിച്ചു.

ലക്ഷ്മി നായര്‍ ഫാക്കല്‍റ്റി സ്ഥാനത്ത് തുടരും. വൈസ് പ്രിന്‍സിപ്പാളിന് പകരം ചുമതല നല്‍കാമെന്നും മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. ലക്ഷ്മി നായരും നാരായണന്‍ നായരും യോഗത്തില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

അതേസമയം പേരൂര്‍ക്കടയിലുള്ള ലോ അക്കാദമി ലോ കോളജിനു മുന്നിലുള്ള സമരപ്പന്തലുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ് ഹൈക്കോടതിയെ സമീപിച്ചു. കോളജിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍.

സമരം ചെയ്യുന്നവരും മാനേജുമെന്റുമായി നടന്ന ചര്‍ച്ച അലസിയ സാഹചര്യത്തില്‍ കോളജില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. ജാതിപ്പേരു വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. ദലിത് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്.

ദലിത് വിദ്യാര്‍ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലില്‍ പണിയെടുപ്പിച്ചതായി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുന്‍പാണു കേസെടുത്തത്.അതേസമയം, ലോ അക്കാദമി സമരം ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാഷ്ട്രീയഭേദമെന്യേ വിദ്യാര്‍ഥി സമരം ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.