1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015

സ്വന്തം ലേഖകന്‍: ലളിത് മോദിക്കെതിരെ രാഷ്ട്രപതി ഭവന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിനെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി. പരാതി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബാസ്സി പറഞ്ഞു.

ജൂണ്‍ 23നാണ് രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിന്റെ പേര് പരാമര്‍ശിച്ച് ലളിത് മോദിയുടെ ട്വിറ്റര്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒമിതാ പോളിന്റെ പെട്ടിപിടുത്തക്കാരനായി അറിയപ്പെടുന്ന വിവേക് നാഗ്പാലാണ് ഏറ്റവും വലിയ ഹവാലക്കാരനെന്നും അതു സംബന്ധിച്ച് നിരവധി രേഖകളുണ്ടെന്നും പക്ഷേ ആരെങ്കിലും കണക്കിലെടുക്കുന്നുണ്ടോയെന്നും ലളിത് മോദി ട്വിറ്ററില്‍ കുറിച്ചു.

ഇതിനെതിരെയാണ് രാഷ്ട്രപതിഭവന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രപതി ഭവനിലെ ഉന്നത ഉദ്യോഗസ്ഥനാണ് പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ലളിത് മോദിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ പ്രസ്താവിച്ച രാഷ്ട്രപതിയുടെ ഓഫീസോ രാഷ്ട്രപതി ഭവനോ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പരാതി ലഭിച്ചിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബാസ്സി പറഞ്ഞു. ഐ.ടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയ സാഹചര്യത്തില്‍ ഏതൊക്കെ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കാനാവും, ക്രിമിനല്‍ കേസായി പരിഗണിക്കാനാവുമോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

സുനന്ദാ പുഷ്‌കറിന്റെ ഐ.പി.എല്‍ ഓഹരിയെക്കുറിച്ച് താന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ധനകാര്യമന്ത്രിയായ പ്രണബ് മുഖര്‍ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് തനിക്കെതിരെ നടപടിയെടുത്തതായി ലളിത് മോദി ബ്രിട്ടീഷ് അധികാരികള്‍ക്ക് മുമ്പില്‍ എഴുതി സമര്‍പ്പിച്ച രേഖകളില്‍ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.