1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2015

സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ നിയമം, ചരിത്രത്തില്‍ ആദ്യത്തെ നാലാം ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷവുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അത് സംഭവിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഓര്‍ഡിനന്‍സ് തുടര്‍ച്ചയായി നാലുതവണ ഇറക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ വരികയും സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഭേദഗതി ബില്‍ കൊണ്ടുവന്നേക്കില്ല. ഇതിനാലാണ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കും ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുക.

കഴിഞ്ഞ മെയ് 31നാണ് ഓര്‍ഡിനന്‍സ് മൂന്നാം തവണ ഇറക്കിയത്. ഓര്‍ഡിനന്‍സിന് 6 മാസം സമയ പരിധിയുണ്ടെങ്കിലും ഇടയ്ക്കുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യത്തെ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ബില്‍ പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കണമെന്നാണ് ചട്ടം.

ഭൂമി ഏറ്റെടുക്കല്‍ ബില്‍ മൂന്നാമതും ഇറക്കിയതിനെതിരെയുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അത് നാലാമതും ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ അതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും രാജ്യത്ത് ഇതുവരെ ഏറ്റവും കുറഞ്ഞത് 15 ഓര്‍ഡിനന്‍സുകളെങ്കിലും രണ്ടോ അതില്‍ കൂടുതലോ തവണ ഇറക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്തായാലും ഭേദഗതി ബില്‍ പരിശോധിക്കുന്ന എസ്.എസ്.അലുവാലിയ തലവനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം പാര്‍ലമെന്റ് സമ്മേളനം അവസാനിയ്ക്കുന്ന ആഗസ്ത് 3 വരെ നീട്ടി നല്‍കാന്‍ ആവശ്യപ്പെടാനാണ് ആലോചിക്കുന്നത്. സമിതിയുടെ മുന്‍പില്‍ വന്ന 672 പ്രതികരണങ്ങളില്‍ 670ഉം ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിന് എതിരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.