1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2017

സ്വന്തം ലേഖകന്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തി ഏഴു പേരെ കൊന്നത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്, തകര്‍ന്നത് അമര്‍നാഥ് തീര്‍ഥാടകരെ ഭീകരര്‍ ആക്രമിക്കില്ലെന്ന ധാരണ. 12 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്ന് ഐജി മുനീര്‍ ഖാന്‍ അറിയിച്ചു.

പൊലീസ് സംരക്ഷണത്തില്‍ അമര്‍നാഥിലേക്കു പോകുകയായിരുന്ന തീര്‍ഥാടകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഗുജറാത്തില്‍നിന്നുള്ള തീര്‍ഥാടകരാണ് ആക്രമണത്തിന് ഇരയായതെന്നാണ് പ്രാഥമിക വിവരം. 17 തീര്‍ഥാടകരുമായി ബാര്‍ത്താലില്‍നിന്ന് മിര്‍ ബസാറിലേക്കു പോകുകയായിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം.

തീവ്രവാദി ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബ സംഘടനയെന്ന് പോലീസ് വ്യക്തമാക്കി. പോലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തീര്‍ഥാടകരുടെ ബസിനുനേരെ വെടിവെക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ 12 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.കശ്മീരിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്.

സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം കണക്കിലെടുത്ത് കശ്മീരിലെ മൂന്നിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ തീവ്രവാദി അബു ഇസ്മയിലാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. 40 ദിവസം നീണ്ട അമര്‍നാഥ് യാത്ര ജൂണ്‍ 28 നാണ് തുടങ്ങിയത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉപഗ്രഹ നിരീക്ഷണം അടക്കമുള്ളവ ഇത്തവണ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് ഭീകരാക്രമണം.

അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കില്ലെന്നതു ഏറെക്കാലമായി കശ്മീരിലെ ഭീകരരുടെ അലിഖിത ധാരണയാണ്. എന്നാല്‍ ഈ ആക്രമണത്തോടെ കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ ഒറ്റപ്പെടുത്തിയേക്കുമെന്ന് പ്രദേശവാസികള്‍ ഭയക്കുന്നു. ഇതിനുമുന്‍പ് തീര്‍ഥാടകര്‍ക്കുനേരെ കശ്മീരില്‍ ആക്രമണം നടന്നത് 2002 ആഗസ്റ്റിലാണ്. പഹല്‍ഗാമിലുണ്ടായ അന്നത്തെ ആക്രമണത്തില്‍ ഒന്‍പതു പേരാണു കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.