1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

സ്വന്തം ലേഖകന്‍: ലബനന്‍ പൗരന്മാരായ രണ്ടു ഹിസ്ബുള്ള നേതാക്കളെ സൗദി അറേബ്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷ വിധിച്ചു. ഈജിപ്തിന്റെ വഴി പിന്തുടര്‍ന്നാണ് സൗദി അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിന് നേതൃത്വം നല്‍കുന്നവരായി പ്രഖ്യാപിച്ച് ഇരുവരേയും ശിക്ഷിച്ചത്.

ഖലീല്‍ യൂസുഫ് ഹര്‍ബ്, മുഹമ്മദ് ഖബ്ലാന്‍ എന്നിവര്‍ക്കെതിരെയാണ് ചൊവ്വാഴ്ച സൗദി അറേബ്യ ശിക്ഷ വിധിക്കുകയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്. എന്നാല്‍ എന്താണ് ശിക്ഷ എന്ന് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

സിറിയയിലെ ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തെ പിന്തുണക്കുക, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുദ്ധത്തിന് ആളെ ചേര്‍ക്കുക, വിവിധ തീവ്രവാദ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുക, മധ്യപൗരസ്ത്യ ദേശത്ത് പ്രശ്‌നമുണ്ടാക്കാന്‍ നേതൃത്വപരമായ പങ്ക് വഹിക്കുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

തീവ്രവാദ പ്രവര്‍ത്തനങ്ങളും അതിന് സഹായിക്കലും കുറ്റകരമാണെന്ന സൗദി റോയല്‍ കോര്‍ട്ട് നിയമനുസരിച്ചാണ് ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. രണ്ട് പേരുടെയും പേരില്‍ സൗദിയില്‍ എന്തെങ്കിലും വസ്തുവകകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ മരവിപ്പിക്കും. ഇവരുമായി സഹകരിക്കുന്നതിന് സൗദി പൗരന്മാര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2010 ഏപ്രില്‍ മാസത്തില്‍ ഈജിപ്ത് മുഹമ്മദ് ഖബ്ലാന് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ആജീവനാന്ത തടവ് വിധിച്ചിരുന്നു. ഈജിപ്തിലെ ഹിസ്ബുല്ല സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഇദ്ദേഹം 2011 അവസാനം വരെ മധ്യപൗരസ്ത്യ ദേശത്ത് ഹിസ്ബുല്ലയുടെ രഹസ്യ സംഘത്തിന്റെ നേതാവായിരുന്നു.

ഹിസ്ബുല്ലയില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. ഖലീല്‍ ഹര്‍ബാകട്ടെ 2012 ല്‍ യെമനിലെ ഹിസ്ബുല്ലക്ക് നിരവധി സാമ്പത്തിക സഹായം നല്‍കിയതിന് തെളിവുണ്ട്. 50,000 ഡോളര്‍ യെമന്‍ സംഘത്തിന് നല്‍കാന്‍ ഇയാള്‍ ശേഖരിച്ചതായും സൗദി അധികൃതര്‍ക്ക് ബോധ്യപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തോട് സന്ധിയില്ലാത്ത നിലപാട് എടുക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ തീരുമാനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.