1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; നഷ്ടമായത് സമൂഹ മനസാക്ഷിയോട് നേര്‍ക്കുനേര്‍ സംവദിച്ചിരുന്ന നിലപാടുകളുള്ള ചലച്ചിത്രകാരനെ; ആദരാഞ്ജലികളുമായി സാംസ്‌ക്കാരിക ലോകം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ഭാര്യ:ഡോ.രമണി, മക്കള്‍:പാര്‍വതി, ഗൗതമന്‍.

1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. വേനല്‍, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുന്നാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് സിനിമകള്‍.

ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി. തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളെജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 1985 ല്‍ ഇറങ്ങിയ ‘മീനമാസത്തിലെ സൂര്യന്‍’ ഫ്യൂഡല്‍ വിരുദ്ധ പോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്.

1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ അധികരിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്രം. കേരളത്തിലെ വര്‍ഗീയ ധ്രുവീകരണമാണ് 2003 ല്‍ പുറത്തിറങ്ങിയ ‘അന്യര്‍’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.