1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

എ. പി. രാധാകൃഷ്ണന്‍ (ക്രോയ്‌ടോന്‍): വര്‍ണാഭമായ ആഘോഷ രാത്രി, നിലയ്ക്കാത്ത ജനപ്രവാഹം, ഇന്നലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗവും ഓണാഘോഷവും എല്ലാ അര്‍ത്ഥത്തിലും മികച്ചഒന്നായി മാറി. ക്രോയ്‌ടോന്‍ മുന്‍ മേയര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, ബ്രിസ്റ്റോള്‍ കൗണ്‍സിലര്‍ ശ്രീ ടോം ആദിത്യ എന്നിവരുടെ മഹത്വമേറിയ ഓണ സന്ദേശങ്ങള്‍, ഭജന, അമരവാണികള്‍ തുടങ്ങിയ പരിപാടികള്‍ കൂടാതെ ഓണാഘോഷത്തിനോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ, മാവേലി എഴുന്നള്ളിപ്പ്, കേരളീയ നന്മകളെ കോര്‍ത്തിണക്കി കൊണ്ടുള്ള നൃത്ത പരിപാടി, കേരളത്തിന്റെ മാത്രം തിരുവാതിരകളി എന്നിവയാല്‍ സമ്പന്നമായിരുന്നു ഇന്നലത്തെ സത്‌സംഗം.

ഇന്നലെ പതിവുപോലെ ഭജനയോടെ ആരംഭിച്ച സത്‌സംഗത്തില്‍ ഭജനയ്ക്ക് ശേഷം ശ്രീമതി കെ. ജയലക്ഷ്മി അമരവാണികള്‍ അവതരിപ്പിച്ചു. മാസങ്ങള്‍ക്കു മുന്‍പു തുടക്കം കുറിച്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വനിതാ വേദി അവതരിപ്പിക്കുന്ന അമരവാണികള്‍ എന്ന ആശയം വിഭാവനം ചെയ്ത വ്യക്തി തന്നെ അമരവാണികള്‍ അവതരിപ്പിച്ചു എന്നത് ഇന്നലത്തെ പ്രത്യേകത ആയിരുന്നു. അമരവാണികള്‍ കാണുന്നതിന് തുടര്‍ന്നുള്ള യു ട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയുക..

https://youtu.be/VUw11MfGzM

അമരവാണികള്‍ക്കു ശേഷം വര്‍ണാഭമായ ഓണാഘോഷങ്ങക്കു മാവേലി എഴുന്നള്ളിപ്പിലൂടെ ശുഭാരംഭം കുറിച്ച്, സത്‌സംഗത്തില്‍ പങ്കെടുക്കാന്‍ വന്ന എല്ലാ കുരുന്നുകളും ചേര്‍ന്ന് താലപ്പൊലിയോടെ മാവേലിയെ വരവേറ്റു. മാവേലിയായി എല്ലാവരെയും അനുഗ്രഹിക്കാന്‍ എത്തിയത് ബാലവേദി അവതരിപ്പിച്ച സീതാപഹരണം എന്ന നാടകത്തില്‍ ഭരതനായി അഭിനയിച്ച സിദ്ധാര്‍ത് ഉണ്ണിത്താന്‍ എന്ന കൊച്ചു മിടുക്കന്‍ ആയിരുന്നു. അതിനുശേഷം ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ വേദിയുടെ അവിഭാജ്യ ഘടകമായ ശ്രീമതി രമണി പന്തല്ലൂര്‍ നേതൃത്വം നല്‍കിയ തിരുവാതിരകളി അരങ്ങേറി. ശ്രീമതി രമണി പന്തലൂരിനോടൊപ്പം, ദിവ്യ അരുണ്‍, സോണിയ സെബാസ്‌റ്യന്‍, അശ്വതി, നേഹ ഷാജി, അജി ഷാജി, ഐശ്വര്യ കണ്ണന്‍, ദിവ്യ ബ്രിജേഷ്, രമ്യ, ഡയാന അനില്‍കുമാര്‍ എന്നിവര്‍ ചുവടുവെച്ചു.അതിനുശേഷം ശ്രീമതി ദിവ്യ ബ്രിജേഷ് അണിയിച്ചൊരുക്കി, ആശ്രിക അനില്‍കുമാര്‍, നേഹ ബാബു, ദേവിക പന്തലൂര്‍, നന്ദന സന്തോഷ്‌കുമാര്‍, അമൃത സുരേഷ്, അപര്‍ണ സുരേഷ്, അപര്‍ണ കെ. എന്നി കുട്ടികളുടെ നയന മനോഹരമായ നൃത്ത പരിപാടിയായിരുന്നു. കേരളീയ മഹത്വത്തെ വര്‍ണിക്കുന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് അവതരിപ്പിച്ച നൃത്തം അവതരണത്തിലെ പുതുമകൊണ്ടു മികച്ചു നിന്നു.

പിന്നീട് വിശിഷ്ടഥിതികളായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, ശ്രീ ടോം ആദിത്യ എന്നിവരുടെ ഓണസന്ദേശങ്ങള്‍ ആയിരുന്നു. ഓണം എന്ന ആഘോഷത്തെ മഹത്തരമാക്കുന്നത് ഇത്തരം കൂടായ്മകള്‍ ആന്നെന്നു ശ്രീമതി മഞ്ജു അഭിപ്രായപ്പെട്ടു. സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ‘മാവേലി നാടുവാണീടും കാലം’ എന്ന നമ്മള്‍ എക്കാലത്തും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന കവിത ചൊല്ലികൊണ്ടാണ് ശ്രീ ടോം ആദിത്യ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷത്തില്‍ തിളങ്ങിയത്. ഓണം നല്കുന്ന നന്മകള്‍ എല്ലാവരിലും എക്കാലത്തും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വിശിഷ്ടഥിതികള്‍ക്ക് ശേഷം ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുമുറി ഹരിദാസ് ഓണസന്ദേശം നല്‍കി. ഗുരുവായൂരപ്പന്റെ മുന്നില്‍ ഓണം ആഘോഷിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷത്തെ വ്യത്യസ്തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു, ശേഷം നടന്ന ദീപാരാധക്ക് രമണ അയ്യര്‍ നേതൃതം നല്‍കി. ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയുടെ സ്വാദ് നുകരുവാന്‍ രാത്രി വൈകിയും ആളുകള്‍ വന്നുകൊണ്ടേ ഇരുന്നത് ലണ്ടന്‍ ഹിന്ദു ഐക്യവേദി എന്ന പ്രസ്ഥാനത്തിന്റെ സ്വീകാര്യതയുടെ ദൃഷ്ടാന്തമായി മാറി. വൈകീട്ട് നാലുമണിയോടെ ആരംഭിച്ച സത്‌സംഗം തീരുമ്പോള്‍ രാത്രി പതിനൊന്നു മണിയായിരുന്നു. കണ്ണന്‍ രാമചന്ദ്രന്‍, ഡയാന അനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ അടുത്ത മാസത്തെ സത്‌സംഗം ഒക്ടോബര്‍ 29 നു ദീപാവലിയായി ആഘോഷിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.