1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2018

സ്വന്തം ലേഖകന്‍: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഈ.മ.യൗ’ എന്ന ചിത്രത്തിനാണ് ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി.

ആദ്യമായാണ് മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. രജത മയൂരവും 15 ലക്ഷം രൂപയുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടന് 10 ലക്ഷം രൂപയും രജതമയൂരവും ലഭിക്കും. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഈ.മ.യൗവിലൂടെ ലിജോയ്ക്കു ലഭിച്ചിരുന്നു.

വെന്‍ ദ് ട്രീസ് ഫോള്‍ എന്ന ചിത്രത്തിലൂടെ അനസ്താസിയ പുസ്‌ടോവിച്ച് മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കി. കഴിഞ്ഞ തവണ ‘ടേക്ക് ഓഫി’ലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു.

സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രെയ്ന്റഷ്യന്‍ ചിത്രം ‘ഡോണ്‍ബാസ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം സ്വന്തമാക്കി. ഡോണ്‍ബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബാസ്. മികച്ച നവാഗത സംവിധായകനുള്ള ശതാബ്ദി പുരസ്‌കാരം ‘റെസ്‌പെക്ടോ’ എന്ന ചിത്രമൊരുക്കിയ ആല്‍ബര്‍ട്ടോ മോണ്ടെറാസ് നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.