1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ഇംപീച്ച് ചെയ്യാനുള്ള ബില്ലിലേക്ക് വഴിവെച്ച വിവാദത്തിലെ പ്രധാന കണ്ണിയായ ലിന്‍ഡ് ട്രിപ് അന്തിച്ചു. 70-ാം വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള തുറന്ന തെളിവുകളിലേക്കെത്തിച്ചത് ലിന്‍ഡയുടെ രഹസ്യ ഫോൺ ടേപ് റെക്കോഡിങ്ങുകളായിരുന്നു. അത് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് നടപടി ക്രമങ്ങളില്‍ വരെയെത്തിച്ചു. ക്ലിന്റനെ പിന്നീട് സെനറ്റ് കുറ്റവിമുക്തനാക്കുകയായിരുന്നു.

1990-കളില്‍ യു.എസിനെ പിടിച്ചുലച്ച ‘വൈറ്റ് വാട്ടര്‍’ വിവാദം അന്വേഷിക്കാന്‍ യു.എസ്. നിയമമന്ത്രാലയം സ്വതന്ത്ര അഭിഭാഷകനായി നിയോഗിച്ചത് കെന്നത്ത് സ്റ്റാറിനെയായിരുന്നു. യു.എസിലെ ആര്‍ക്കന്‍സോയില്‍ വൈറ്റ് നദീതീരത്ത് ക്ലിന്റനും ഭാര്യ ഹില്ലരി ക്ലിന്റനും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ടെന്നതുമായി ബന്ധപ്പെട്ടതായിരുന്നു വൈറ്റ് വാട്ടര്‍ വിവാദം. ഇതിന്റെ അന്വേഷണമാണ് പിന്നീട് ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള തെളിവുകളിലേക്കെത്തിച്ചത്.

1997-ല്‍ പെന്റഗണ്‍ ജീവനക്കാരിയായിരുന്നു ലിന്‍ഡ ട്രിപ്. വൈറ്റ് ഹൗസ് ഇന്റര്‍ണീയായിരുന്ന മോണിക്ക ലെവന്‍സ്‌കി ഒരിക്കല്‍ ഫോണ്‍ സംഭാഷണത്തിനിടെ പ്രസിഡന്റ് ക്ലിന്റണുമായുള്ള ബന്ധത്തെ കുറിച്ച് ട്രിപ്പിനോട് പറഞ്ഞിരുന്നു. എന്നാല്‍ ട്രിപ് ഇത് രഹസ്യമായി റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണങ്ങള്‍ ലിന്‍ഡ അഭിഭാഷകനായ കെന്നത്തിനെ ഏല്‍പിക്കുകയും ചെയ്തു.

ഈ ചോര്‍ത്തിയ ഫോണ്‍സന്ദേശങ്ങളാണ് ക്ലിന്റന്റെ ഇംപീച്ച് മെന്റ് നടപടികളിലേക്കെത്തിച്ചത്. ഈ റെക്കോഡിങ്ങുകള്‍ മോണിക്ക ലെവന്‍സ്‌കിയെയും വര്‍ഷങ്ങളോളം വേട്ടയാടുകയും ചെയ്തു. ക്ലിന്റനെതിരേ ഇംപീച്ച്‌മെന്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും 21 ദിവസത്തെ വിചാരണക്കടുവില്‍ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നാണ് ലിന്‍ഡയുടെ ഫോണ്‍ ചോര്‍ത്തലിനെ അന്ന് മോണിക്ക വിശേഷിപ്പിച്ചത്. അതേസമയം, ലിന്‍ഡയുടെ രോഗം മൂര്‍ച്ചിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട് മോണിക്ക ലെവന്‍സ്‌കി സന്ദേശമയച്ചിരുന്നു.

“ഭൂതകാലമെന്തുമായിക്കോട്ടെ, ലിന്‍ഡയുടെ അസുഖവാര്‍ത്തയറിഞ്ഞ ഞാന്‍ അവര്‍ രോഗമുക്തി നേടാനായി പ്രാര്‍ഥിക്കുന്നു,” എന്നാണ് മോണിക്ക ട്വീറ്റ് ചെയ്തത്. അന്ന് ക്ലിന്റണെ ശിക്ഷിച്ചിരുന്നെങ്കില്‍ ലോകത്ത് മിടൂ മുന്നേറ്റം നേരത്തെ സംഭവിക്കുമായിരുന്നെന്നു സംഭവത്തെ മുന്‍നിര്‍ത്തി ഒരിക്കല്‍ ലിന്‍ഡയും പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.