1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2018

സ്വന്തം ലേഖകന്‍: കോടികളുടെ വായ്പാ തട്ടിപ്പ് വീണ്ടും; റോട്ടോമാക് പെന്‍ കമ്പനി ഉടമയും മകനും അറസ്റ്റില്‍. വിവിധ ബാങ്കുകളില്‍നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്തു തട്ടിപ്പു നടത്തിയ റോട്ടോമാക് പെന്‍ കമ്പനിയുടമ വിക്രം കോഠാരിയെയും മകന്‍ രാഹുലിനെയും സിബിഐയാണ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ സിബിഐ കേന്ദ്ര ആസ്ഥാനത്ത് ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. പലിശയടക്കം കമ്പനി 3695 കോടി രൂപയാണു തിരിച്ചടയ്ക്കാനുള്ളതെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏഴു പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 2008 മുതല്‍ 2919 കോടി രൂപയാണ് റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വായ്പ നല്‍കിവന്നിരുന്നതെന്നു സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. കോഠാരിയുടെ ഭാര്യ സാധനയ്ക്കും ബാങ്കിലെ ചില ജീവനക്കാര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡയാണ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയെ സമീപിച്ചത്. നീരവ് മോദിയെയും ബന്ധു മെഹുല്‍ ചോക്‌സിയെയുംപോലെ കോഠാരിയും രാജ്യം വിട്ടേക്കുമെന്ന ഭീതിയുണ്ടായിരുന്നു ബാങ്കിന്. അതേസമയം, നികുതി വെട്ടിച്ച സംഭവത്തില്‍ ആദായനികുത വകുപ്പും കോഠാരിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.