1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2019

സ്വന്തം ലേഖകന്‍: ലോക കേരളസഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തിരിതെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രവാസി ക്ഷേമ, പുരനരധിവാസ പദ്ധതികള്‍ മുഖ്യ അജണ്ട; ദുബായ് ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപനം; പ്രവാസികള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍. പ്രവാസി മലയാളികള്‍ക്ക് ആവേശം പകര്‍ന്ന് ലോക കേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തുടക്കം. ദുബായ് എത്തിസലാത്ത് അക്കാഡമിയിലെ പ്രൗഢഗംഭീരമായ സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിന് തിരിതെളിച്ചു.

നൂറ് ലോക കേരള സഭാംഗങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ മലയാളികളുടെ പ്രതിനിധികളും ഉള്‍പ്പെടെ നാനൂറോളം പേര്‍ സഭയില്‍ പങ്കെടുക്കുന്നുണ്ട്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്കായുള്ള ക്ഷേമ, പുനരധിവാസ പദ്ധതികളും ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകളും സഭ ചര്‍ച്ചചെയ്യും. ഇന്നലെ രാവിലെ 9ന് ആരംഭിച്ച സമ്മേളനത്തില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ സ്വാഗതം ആശംസിച്ചു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ ആമുഖ പ്രഭാഷണം നടത്തി.

ഗള്‍ഫിലെ ഭാവി തൊഴില്‍ സാദ്ധ്യതകളെക്കുറിച്ച് പി.ടി. കുഞ്ഞുമുഹമ്മദ്, വിനയചന്ദ്രന്‍, ബെന്യാമിന്‍ എന്നിവര്‍ പ്രസംഗിച്ചു. മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തൊഴില്‍ വൈദഗ്ദ്ധ്യവും പരിശീലനവും നൈപുണ്യ വികസനവും ഉറപ്പാക്കുന്ന കോഴ്‌സുകളാണ് ആവശ്യം. സഭയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ അദ്ധ്യക്ഷനായി.

വൈകീട്ട് ഏഴിന് ആരംഭിച്ച പാരമ്പര്യ കലാവിരുന്നില്‍ നടിയും നര്‍ത്തകിയുമായ ആശാശരത് അവതരിപ്പിച്ച ‘ദേവഭൂമിക’ നൃത്തശില്പമായിരുന്നു മുഖ്യആകര്‍ഷണം. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രസംഗം നടത്തി. എത്തിലസാത്ത് അക്കാഡമിയിലെ തുറന്ന വേദിയില്‍ 15,000 പ്രവാസി മലയാളികള്‍ പങ്കെടുത്ത പൊതുസമ്മേളനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഏതു സഹായത്തിനും ബന്ധപ്പെടാന്‍ നോര്‍ക്ക അന്താരാഷ്ട്ര ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. +91 8802012345 എന്ന നമ്പരില്‍ ലോകത്തെവിടെ നിന്നും സൗജന്യമായി വിളിക്കാം. ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുന്ന നമ്പരിലേക്ക് 30 സെക്കന്‍ഡിനകം നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററില്‍ നിന്ന് തിരികെ വിളിക്കും. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സേവനമോ സഹായമോ തേടിയും വിളിക്കാം.

ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനിലേക്കുള്ള ആദ്യ കാള്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍, റിക്രൂട്ട്‌മെന്റ്, പ്രവാസിക്ഷേമ പദ്ധതികള്‍ തുടങ്ങിയ സൗകര്യങ്ങളോടെ നവീകരിച്ച നോര്‍ക്ക വെബ്‌പോര്‍ട്ടലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വിലാസം: www.norkaroots.orgക്ള്‍

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായ് മര്‍മൂം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

കേരളം സന്ദര്‍ശിക്കാന്‍ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചതെന്നും കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു അദ്ദേഹം ചോദിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ സന്ദര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.