1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2018

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ മുന്‍നിരയിലേക്ക്; കൊലപാതകങ്ങളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കിനേയും കടത്തിവെട്ടി. 2018 ല്‍ ഇതുവരെ 46 പേരാണ് ലണ്ടന്‍ നഗരത്തില്‍ കുത്തേറ്റും വെടിയേറ്റും മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കില്‍ ഇത് 50 പേരാണ്. മാത്രമല്ല, ന്യൂയോര്‍ക്കില്‍ ഓരോ മാസവും മരണനിരക്ക് കുറഞ്ഞുവരുമ്പോള്‍ ലണ്ടനില്‍ ഇത് കുത്തനെ ഉയരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനുവരി മാസത്തില്‍ എട്ടു പേരാണ് ലണ്ടന്‍ നഗരത്തില്‍ കുത്തേറ്റ് മരിച്ചത്. ഫെബ്രുവരിയില്‍ ഇത് 15 ആയി ഉയര്‍ന്നു. മാര്‍ച്ചിലാകട്ടെ 22 പേര്‍ക്കാണ് നഗരത്തില്‍ ജീവന്‍ നഷ്ടമായത്. വിവിധ ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്തവരുടെ കണക്ക് വേറെ. വളര്‍ന്നു വരുന്ന ക്രിമിനല്‍ സംഘങ്ങളും മയക്കുമരുന്നു മാഫിയയുമാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈസ്റ്റര്‍ രാത്രിയില്‍ ഈസ്റ്റ് ലണ്ടനില്‍ 16 വയസുള്ള യുവാവിനു മാരകമായി കുത്തേറ്റതും ഒരു നൈജീരിയന്‍ പാര്‍ലമെന്റംഗത്തിന്റെ മകന്‍ വെടിയേറ്റു മരിച്ചതുമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ടു ചെയ്ത ആക്രമസംഭവങ്ങള്‍. കഴിഞ്ഞ വര്‍ഷം 560 കത്തിക്കുത്തു കേസുകളാണ് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം മൂന്നു മാസത്തിനകം കേസുകളുടെ എണ്ണം നൂറോളം എത്തിയതായാണ് കണക്ക്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.