1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2017

സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം, മരണം 12 ആയി, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, തീ വിഴുങ്ങിയ 24 നില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഗ്രെന്‍ഫെല്‍ ഫ്‌ലാറ്റ് സമുച്ചയത്തിനാണ് തീപിടിച്ചത്. പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 120 ഓളം ഫ്‌ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപ്പടര്‍ന്നു പിടിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അഗ്‌നിശമന സേനയുടെ 40 യൂണിറ്റും ഇരുന്നൂറോളം സുരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. തീപ്പിടുത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. സമീപ പ്രദേശത്തേക്കും പുക പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റി.

ഏകദേശം 120 ഫ്‌ളാറ്റുകളുള്ള സമുച്ചയത്തിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഭീകര രംഗങ്ങള്‍ക്കാണ് സാക്ഷികളായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ താമസക്കാര്‍ മുകളിലെ നിലകളില്‍ നിന്ന് ചാടുകയും മറ്റും ചെയ്തതും പരിഭ്രാന്തി സൃഷ്ടിച്ചു. താമസക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു തീപിടുത്തം എന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അതിശക്തമായ തീയാണ് കണ്ടതെന്നും ജീവിതത്തില്‍ താന്‍ ഇതുവരെ ഇത്തരം ഒരു അഗ്‌നിബാധ കണ്ടിട്ടില്ലെന്ന് പറഞ്ഞതായും ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.