1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2017

സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരം ന്യൂയോര്‍ക്കിനേക്കാള്‍ അപകടം പിടിച്ചത്, ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ 13 ശതമാനം വര്‍ധന. ന്യൂയോര്‍ക്ക് നഗരത്തേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നിറഞ്ഞതും അപകടകരവുമാണ് ലണ്ടനെന്ന് പുതിയ കണക്കുകള്‍. ബലാത്സംഗം, കവര്‍ച്ച, അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ എണ്ണം ലണ്ടനില്‍ കുത്തനെ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുകെയിലെ കുറ്റകൃത്യങ്ങള്‍ 13 ശതമാനം വര്‍ധിച്ചതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. തലസ്ഥാന നഗരിയിലെ അക്രമങ്ങളില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. റാഡിക്കല്‍ ഇസ്ലാമിന്റെ വ്യാപനമാണ് ആക്രമങ്ങള്‍ കുത്തനെ ഉയരാന്‍ കാരണമെന്നും അമേരിക്കയെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് യുകെയിലെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതും കാണിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി.

എന്നാല്‍ ട്രംപിന്റെ അഭിപ്രായ പ്രകടനം വിവരക്കേടാണെന്നും കുത്തിത്തിരിപ്പാണെന്നും തിരിച്ചടിച്ച് മുന്‍ ലേബര്‍ നേതാവ് എഡ് മിലിബാന്‍ഡ് രംഗത്തെത്തി. ശുദ്ധ മണ്ടന്‍ എന്നാണ് ട്രംപിനെ മിലിബാന്‍ഡ് വിശേഷിപ്പിച്ചത്. യുകെയിലെ പ്രത്യേകിച്ചും ലണ്ടനിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതിന് കാരണം നഗരത്തിലെ പോലീസുകാരുടെ വിന്യാസത്തിലെ പ്രശ്‌നങ്ങളും തലസ്ഥാന പ്രദേശത്തെ പരോള്‍ കുറച്ചതുമാണെന്ന് ക്രിമിനല്‍ നീതിന്യായ വിദഗ്ദ്ധര്‍ പറയുന്നു.

ലണ്ടനിലും ന്യൂയോര്‍ക്കിലും ഏകദേശം 8 ദശലക്ഷമാണ് ജനസംഖ്യ. എന്നാല്‍ യുഎസ് നഗരത്തെ അപേക്ഷിച്ച് ലണ്ടനില്‍ ഒരാള്‍ കവര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യത ആറു മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലണ്ടനിലെ ബലാത്സംഗ നിരക്കും ന്യൂയോര്‍ക്കിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കാണ് മുന്നിലെങ്കിലും അതിലും അധികം വൈകാതെ ലണ്ടന്‍ ന്യൂയോര്‍ക്കിനെ മറികടക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.