1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2020

സ്വന്തം ലേഖകൻ: യുഎസിലെ കെന്റക്കി സംസ്ഥാനത്ത് ആഫ്രോ- അമേരിക്കൻ വംശജ ബ്രിയോണ ടെയ്‌ലര്‍ ലൂയിസ്‌വിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റംചുമത്താൻ കോടതി വിസമ്മതിച്ചതിനു പിന്നാലെ നടന്ന പ്രതിഷേധ സമരത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിനു പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം ആരംംഭിച്ചു. വെടിയേറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടേയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാർച്ച് 13നാണ് കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ 26കാരിയായ ആഫ്രോ- അമേരിക്കൻ വംശജ ബ്രിയോണ ടെയ്‌ലര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ആരോഗ്യപ്രവർത്തകയായ ബ്രിയോണയുടെ വീട്ടിൽ അനധികൃതമായി ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് വെള്ളക്കാരായ ഉദ്യോഗസ്ഥർ ബ്രിയോണയെ വെടിവച്ചത്. മറ്റൊരാളുടെ പേരിലുള്ള വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്രിയോണയുടെ വീട്ടിലെ റെയ്ഡ്. വീട്ടിൽനിന്ന് ലഹരിമരുന്ന് ഒന്നും കണ്ടെടുത്തുമില്ല.

റെയ്ഡ് നടക്കുന്നതിനിടെ ബ്രിയോണയുടെ കാമുകൻ ഉദ്യോഗസ്ഥർക്കു നേരേ വെടിവച്ചെന്നും സ്വയംരക്ഷയ്ക്ക് ഉദ്യോഗസ്ഥർ തിരിച്ചുവെടിയുതിർത്തപ്പോഴാണ് ബ്രിയോണ മരിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ കുറ്റംചുമത്താൻ കോടതിയും വിസമ്മതിച്ചു. ഇതിനു പിന്നാലെ വൻ പ്രതിഷേധം പൊട്ടിപുറപ്പെടുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്നു പ്രധാന റോഡുകളെല്ലാം അടച്ചു. സ്ഥലത്ത് വൻ വെടിവയ്പ്പാണ് നടന്നതെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക്, ചിക്കോഗോ, വാഷിങ്ടൻ തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.