1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2018

സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍. ഇതോടു കൂടി പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കിയ ലോകത്തെ ആദ്യ രാജ്യമെന്ന പദവി ലക്‌സംബര്‍ഗ് സ്വന്തമാക്കും. അടുത്ത വേനല്‍മുതലാണ് ഈ സൗകര്യം പ്രാബല്യത്തില്‍ വരിക. ട്രെയിന്‍, ബസ് തുടങ്ങി എല്ലാ പൊതുഗതാഗത സൗകര്യങ്ങളും ലക്‌സംബര്‍ഗിലെ ജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താം.

ദിവസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ സാവിയര്‍ ബെറ്റലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് വിപ്ലവകരമായ ഈ തീരുമാനത്തിന് പിന്നില്‍. യൂറോപ്പിലെ ചെറുരാജ്യമായ ലക്‌സംബര്‍ഗിലെ രൂക്ഷമായ ഗതാഗത തടസം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ പുതിയ പരിഷ്‌കരണം. ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലക്‌സംബര്‍ഗിലെ ആകെ ജനസംഖ്യ ആറ് ലക്ഷത്തോളമാണ്. അതേസമയം ദിവസവും രണ്ടു ലക്ഷത്തിലേറേ പേര്‍ ജോലി ആവശ്യാര്‍ഥം അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് ലക്‌സംബര്‍ഗിലേക്ക് വരുന്നുണ്ട്.

ഗതാഗത പ്രശ്‌നം ഏറ്റവും രൂക്ഷം തലസ്ഥാനമായ ലക്‌സംബര്‍ഗ് സിറ്റിയിലാണ്. 1.10 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന സിറ്റിയിലേക്ക് ദിവസവും ജോലിക്കായി നാല് ലക്ഷത്തോളം ജനങ്ങളെത്തുന്നുണ്ട്. രാജ്യത്തെ 1000 പേര്‍ക്ക് 662 കാറുകള്‍ എന്നതാണ് കണക്ക്. ചെറു രാജ്യത്ത് ഇത്രയേറെ സ്വകാര്യവാഹനങ്ങള്‍കൂടി ഒന്നിച്ച് നിരത്തിലിറങ്ങുന്നത് തടഞ്ഞ് പകരം സൗജന്യ പൊതുഗതാഗതം വഴി ഗതാഗതം സുഗമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.