1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2018

സ്വന്തം ലേഖകന്‍: കര്‍ഷകര്‍ക്കു മുന്നില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ മുട്ടുമടക്കി; പതിനായിരങ്ങളുടെ മുംബൈ ലോംഗ് മാര്‍ച്ചിന് ശുഭാന്ത്യം. നാസിക്കില്‍ നിന്നു മുംബൈയിലേക്കു കാല്‍നടയായി പതിനായിരക്കണക്കിനു കര്‍ഷകര്‍ നടത്തിയ സമരയാത്രയ്ക്കു ശുഭാന്ത്യം. കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു.

കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കല്‍, വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ കാല്‍നട ജാഥ.

ഇവ നടപ്പിലാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആറംഗ സമിതിയെയും നിയോഗിച്ചു. ചീഫ് സെക്രട്ടറിയായിരിക്കും സമിതിക്കു നേതൃത്വം നല്‍കുക. സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴിനാണു നാസിക്കില്‍ നിന്ന് കാല്‍നടജാഥ ആരംഭിച്ചത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ കര്‍ഷകരുമായി തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ നടത്തിയ അടിയന്തര ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ നാളുകള്‍ നീണ്ട പ്രതിഷേധത്തിനും അവസാനമായി. കര്‍ഷകരുടെ പ്രതിനിധികളായി എട്ടു പേരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനായിരുന്നു തീരുമാനം.

നാസിക്കില്‍ നിന്നു മുംബൈയിലേക്കുള്ള 182 കിലോമീറ്റര്‍ ദൂരവും സ്ത്രീകളും മധ്യവയസ്‌കരും ഉള്‍പ്പെടെയുള്ളവര്‍ നടന്നെത്തുകയായിരുന്നു. പൊരിവെയിലില്‍ പ്രതിദിനം നടന്നതു ശരാശരി 35 കിലോമീറ്റര്‍. ഓരോ പ്രദേശത്തുനിന്നും വന്‍തോതില്‍ ആളുകള്‍ റാലിയില്‍ ചേര്‍ന്നു. സിപിഐയും പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തില്‍ സമീപകാലത്തു നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.