1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2019

സ്വന്തം ലേഖകൻ: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രസ്താവന തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പിയുമായി സഖ്യം രൂപവത്കരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഇപ്പോഴും എന്‍.സി.പിയിലാണെന്ന അജിത് പവാറിന്റെ ട്വീറ്റിനു പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി-എന്‍.സി.പി സഖ്യത്തിനു കഴിയുമെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അതിനു സാധിക്കുമെന്നും ട്വീറ്റില്‍ അജിത് പവാര്‍ വ്യക്തമാക്കിയിരുന്നു.

അജിത് പവാറിന്റെ പ്രസ്താവന തെറ്റാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ളതാണെന്നും ശരദ് പവാര്‍ ആരോപിച്ചു. ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യസർക്കാരിന് പിന്തുണയുമായി എൻസിപി എംഎൽഎമാർ എഴുതി ഒപ്പിട്ട കടലാസ് നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാർ ദുരുപയോഗം ചെയ്തെന്നും ഗവർണറെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശരദ് പവാർ വ്യക്തമാക്കി.

നാളെ രാവിലെ പതിനൊന്നരയോടെ ബിജെപി സഖ്യസർക്കാരിന് എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കാണിക്കുന്ന, ദേവേന്ദ്ര ഫട്‍നവിസ് ഗവർണർക്ക് നൽകിയ കത്തും, ഗവർണർ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ കേന്ദ്രത്തിന് നൽകിയ കത്തും ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. എൻസിപി – കോൺഗ്രസ് – സേന സഖ്യത്തിന്‍റെ നീക്കങ്ങൾക്കൊപ്പം ബിജെപിയും നീക്കങ്ങൾ തുടങ്ങുകയാണ്. സാക്ഷാൽ ശരദ് പവാറിനെത്തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. സ്വന്തം പാളയത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായുള്ള ചരടുവലികൾ ദേവേന്ദ്ര ഫട്‍നവിസ് തുടങ്ങിക്കഴിഞ്ഞു.

നവംബർ 22-ാം തീയതി രാത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യസർക്കാർ വരുമെന്ന് ശരദ് പവാർ പ്രഖ്യാപിച്ച്, നേരം ഇരുട്ടി വെളുത്തപ്പോഴേയ്ക്കാണ് സ്വന്തം അനന്തിരവനായ അജിത് പവാർ മറുകണ്ടം ചാടി ബിജെപിയുടെ ദേവേന്ദ്ര ഫട്‍നവിസിനൊപ്പം സർക്കാർ രൂപീകരിക്കുന്നതും ഉപമുഖ്യമന്ത്രിയാകുന്നതും. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ, ഒരു മണിക്കൂറിനകം, താനിതൊന്നും അറിഞ്ഞിരുന്നില്ലെന്നും, സേനയ്ക്കും കോൺഗ്രസിനുമൊപ്പം ഉറച്ചു നിൽക്കുന്നെന്നും ശരദ് പവാർ പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.