1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2016

സ്വന്തം ലേഖകന്‍: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേത ദേവി അന്തരിച്ചു, അന്ത്യം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍. 90 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, പദ്മ വിഭൂഷന്‍, ജ്ഞാനപീഠം, മഗ്‌സസെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും രക്തത്തില്‍ അണുബാധ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മഹാശ്വേതാ ദേവിയെ കൊല്‍ക്കൊത്ത ബെല്ലെ വ്യൂ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതവും അനുഭവപ്പെട്ടിരുന്നു.

അരനൂറ്റാണ്ടിലേറെ സാഹിത്യ രംഗത്ത് നിറഞ്ഞുനിന്ന മഹാശ്വേതാ ദേവി അവസാന കാലത്ത് എഴുത്തിനേക്കാള്‍ സാമൂഹിക പ്രവര്‍ത്തനത്തിലും സമരങ്ങളിലുമായിരുന്നു ശ്രദ്ധിച്ചത്. നന്ദിഗ്രാം മുതല്‍ കേരളത്തിലെ മൂലമ്പിള്ളിയില്‍ വരെ അനീതിയും അക്രമവും അടിച്ചമര്‍ത്തലും അരങ്ങേറിയ ഇടങ്ങളിലെല്ലാം പിന്തുണയുമായി അവരത്തെി. എല്ലായിടത്തും അവരുടെ സാന്നിധ്യം പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.

രാഷ്ട്രീയത്തിനതീതമായി അധികാരി വര്‍ഗത്തോട് കലഹിച്ച് അവര്‍ പിന്നാക്ക ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അവരിലൊരാളായി നിലയുറപ്പിച്ചു. ആ അനുഭവങ്ങളുടെ ആവിഷ്‌കാരമായിരുന്നു അവരുടെ എഴുത്ത്. 2006 ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന സിംഗൂര്‍ സമരത്തിന് മഹാശ്വേത എല്ലാ പിന്തുണയും നല്‍കി. ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികയായിരുന്നെങ്കിലും 10 വര്‍ഷമായി സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകയായിരുന്നു.

1926 ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ പ്രശസ്ത എഴുത്തുകാരായ മനീഷ് ചന്ദ്ര ഘട്ടക്കിന്റെയും ധരിത്രി ദേവിയുടെയും മകളായാണ് മഹാശ്വേതയുടെ ജനനം. ഇന്ത്യാ വിഭജനത്തിനു പിന്നാലെ ഇവര്‍ പശ്ചിമ ബംഗാളിലേക്ക് കുടിയേറി. വിശ്വഭാരതി യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്‌ളീഷ് ബിരുദപഠനത്തിനു ചേര്‍ന്ന അവര്‍ പിന്നീട് കല്‍ക്കത്ത യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് ബിരുദാനന്തരബിരുദവും നേടി. ബംഗാളി നവസിനിമയുടെ നായകരിലൊരാളായ സംവിധായകന്‍ ഋത്വിക് ഘട്ടക് മഹാശ്വേതയുടെ ഇളയച്ഛനായിരുന്നു.

1948 ല്‍ പ്രശസ്ത ബംഗാളി നടനും നാടകകൃത്തുമായ ബിജോണ്‍ ഭട്ടാചാര്യയെ വിവാഹം ചെയ്തു. 1962 ല്‍ വിവാഹമോചനം നേടി. ഏകമകനായിരുന്ന നബാരുണ്‍ ഭട്ടാചാര്യ 2014 ല്‍ അന്തരിച്ചത് മഹാശ്വേതയെ ഏറെ തളര്‍ത്തിയ സംഭവങ്ങളിലൊന്നാണ്. 1997 ല്‍ മഗ്‌സസെ, 1996ല്‍ ജ്ഞാനപീഠം, 2006ല്‍ പത്മവിഭൂഷണ്‍, 1986ല്‍ പത്മശ്രീ, 1979ല്‍ സാഹിത്യ അക്കാദമി എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അരണ്യേര്‍ അധികാര്‍, ഘരെഫേര, സ്വഹ, ദൗലത്തി, അഗ്‌നിഗര്‍ഭ, ശ്രേഷ്ഠകല്‍പ തുടങ്ങി നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.