1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2012

കൊച്ചി:ദൈവത്തിന്റെ സ്വന്തംനാട്ടിലെത്തി മടങ്ങുമ്പോഴേക്കും ഇനി മുതല്‍ സായിപ്പും മദാമ്മയും മലയാളം പറയും. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളടക്കമുള്ള വിദേശികളെ മലയാളം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. മലയാളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. നാടുകാണാനെത്തുന്ന വിദേശികള്‍ പലയിടത്തും ഭാഷയറിയാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. മലയാളിയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലും നല്ലത് സായിപ്പിനെയും മദാമ്മയേയും മലയാളം പഠിപ്പിക്കുന്നതാണെന്ന് സര്‍ക്കാരിനും തോന്നിയിട്ടുണ്ടാകാം.

വിദേശികള്‍ക്ക് ഓരോദിവസവും തട്ടിമുട്ടി കേരളത്തില്‍ കഴിഞ്ഞുകൂടാന്‍ അത്യാവശ്യം അറിയേണ്ട മലയാളം വാക്കുകളാണ് പാഠഭാഗത്തില്‍. ‘നമുക്കു പഠിക്കാം മലയാളം’ എന്ന് പദ്ധതിക്കു പേര്. കേരളത്തിലെത്തുന്ന വിദേശികളില്‍ താത്പര്യമുള്ളവരെ കണ്ടെത്തിയാണ് പഠിപ്പിക്കുക. തൈക്കാടുള്ള മലയാളം മിഷന്റെ ഓഫിസിലായിരിക്കും ആദ്യഘട്ടത്തില്‍ പഠനം. ചുരുങ്ങിയ ദിവസങ്ങളിലെ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഒരു ദിവസം മൂന്നുമണിക്കൂര്‍ എന്ന നിലയിലായിരിക്കും പഠനം. ബസ് സ്റ്റാന്‍ഡ്, റെയ്ല്‍വേ സ്‌റ്റേഷന്‍, ഹോസ്പിറ്റല്‍, പോസ്റ്റ് ഓഫിസ്, ഹോട്ടലുകള്‍, മറ്റു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ എന്നിവിടങ്ങളില്‍ വിദേശികള്‍ക്ക് തദ്ദേശീയരോട് ഇടപെടാന്‍ ഇതു സഹായകമാകും.

കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും എത്തുന്ന വിദേശീയര്‍ക്ക് വിപുലമായ രീതിയില്‍ മലയാളം പഠിപ്പിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കായി അന്‍പത് മുതല്‍ അറുപത് മണിക്കൂര്‍ വരെയുള്ള ക്ലാസുകള്‍ സംഘടിപ്പിക്കും. മലയാളം മിഷന്റെ പദ്ധതിനിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പകുതിയോടെ നടപ്പാക്കാനാണ് ആലോചന. പഠന സാമഗ്രികള്‍ സൗജന്യമായി നല്‍കും. മലയാളം പഠിക്കാന്‍ താത്പര്യമുള്ള വിദേശികളെ കണ്ടെത്താന്‍ വിപുലമായ പ്രചാരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക, കെടിഡിസി, ടൂറിസം വകുപ്പ് തുടങ്ങിയവ വഴിയായിരിക്കും പ്രചാരണം.

പ്രവാസിമലയാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുന്നതിനുള്ള പദ്ധതി കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം ഡല്‍ഹിയില്‍ 4,500 കുട്ടികളും മുംബൈയില്‍ 6,700 കുട്ടികളും ചെന്നൈയില്‍ 4,000 കുട്ടികളും മലയാളം പഠിക്കുന്നു. ബംഗളൂരുവിലേക്കും അഹമ്മദാബാദിലേക്കുമാണ് പദ്ധതി വ്യാപിപ്പിച്ചത്. ഈ പദ്ധതി വിജയിച്ചതോടെയാണ് ‘നമുക്ക് പഠിക്കാം മലയാളം’ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് മലയാളം മിഷന്‍ രജിസ്ട്രാര്‍ കെ. സുധാകരന്‍ പിള്ള വിശദീകരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.