1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2017

സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡാലസില്‍ മലയാളിയായ മൂന്നു വയസുകാരിയെ കാണാതായ സംഭവം, അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. ദുരൂഹമായ സാഹചര്യത്തില്‍ ഒരാഴ്ച മുമ്പ് കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെക്കുറിച്ച് ഒരു തെളിവും ലഭിക്കാതെ പോലീസ് വലയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് തെരച്ചിലിനിടെ പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍.

ഷെറിന്റെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെ പുല്‍മേട്ടില്‍ നടന്ന തെരച്ചിലില്‍ ലഭിച്ച വസ്തുക്കള്‍ സംഭവവുമായി ബന്ധമുള്ളതാകാമെന്ന് പൊലീസ് സൂചന നല്‍കി.ഷെറിന്റെ പൗരത്വമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യ മന്ത്രി മന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശം നല്‍കി. അന്വേഷിക്കുന്നത് ആരെയെന്നോ എന്താണെന്നോ വെളിപ്പെടുത്താതെ ആയിരുന്നു പൊലീസിന്റെ നീക്കങ്ങള്‍.

ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്‌ലാന്‍ഡ് കോളജിനു സമീപത്തുള്ള പ്രദേശത്ത്, ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍. തിരച്ചിലിടയ്ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന മരക്കൂട്ടങ്ങള്‍ക്ക് ഇടയിലെത്തിയ അന്വേഷണ സംഘം ഇവയ്ക്കിടയില്‍ നിന്ന് ചില വസ്തുക്കള്‍ ശേഖരിച്ചു. ഇവ പിന്നീട് പൊലീസ് വാഹനത്തിലേക്ക് മാറ്റി. തങ്ങള്‍ അന്വേഷിക്കുന്നതുമായി ബന്ധമുള്ള ചില വസ്തുക്കള്‍ ലഭിച്ചു എന്നു വ്യക്തമാക്കിയ പൊലീസ് വൃത്തങ്ങള്‍ എന്നാല്‍ ഇവ എന്താണെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് പ്രദേശം മുഴുവന്‍ പൊലീസ് സംഘം അരിച്ചുപെറുക്കി പരിശോധിച്ചു. റിച്ചാര്‍ഡ്‌സന്‍ നഗരത്തിലെ പൊലീസിനു പുറമെ സമീപ പ്രദേശങ്ങളായ ജോണ്‍സണ്‍ കൗണ്ടി, മാന്‍സ്ഫീല്‍ഡ് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും തിരച്ചിലില്‍ പങ്കെടുത്തു. കുട്ടിയെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രത്യാശ പ്രകടിക്കുമ്പോഴും സമയം വൈകുന്തോറും ഷെറിന്റെ ജീവന് ആപത്താണെന്ന ആശങ്കയിലാണ് അന്വേഷണ ഉദ്യോഗസ്തരും നാട്ടുകാരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.