1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2017

സ്വന്തം ലേഖകന്‍: ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്. മലയാളി നഴ്‌സ് 43കാരനായ ഷെല്‍വി വര്‍ക്കിയെ യാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. രോഗിക്ക് മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതും അതിന്റെ പേരില്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണം നടക്കുന്ന കാര്യവും മറച്ചുവച്ചു മറ്റൊരാശുപത്രിയില്‍ ജോലി നേടിയെന്നതാണ് ഷെല്‍വിയുടെ പേരിലുള്ള കുറ്റം.

കെയിന്‍ഷാമിലെ സണ്ണിമീഡ് നഴ്‌സിംഗ് ഹോമില്‍ പാലിയേറ്റീവ് കെയറിലുണ്ടായിരുന്ന രോഗിക്ക് മരുന്നു നല്‍കുന്നതില്‍ വരുത്തിയ പിഴവിനാണ് ഷെല്‍വിയെ പുറത്താക്കിയത്. ഇതിന്റെ പേരില്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണം നടത്തി വരികയായിരുന്നു.
എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് സൗത്ത്മീഡ് ഹോസ്പിറ്റലില്‍ നടന്ന ജോബ്‌സ് ഫെയറില്‍ പങ്കെടുത്ത് ഷെല്‍വി ജോലി നേടി.

അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, രണ്ട് വ്യാജ റഫറന്‍സുകളും നല്‍കിയെന്ന് ബ്രിസ്റ്റോള്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തോളം ഷെല്‍വി സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു. അന്വേഷണത്തെക്കുറിച്ചുള്ള വിവരം പുറത്തായതോടെ ഷെല്‍വിയെ പുറത്താക്കുകയായിരുന്നു. 2015 ലാണ് ഷെല്‍വി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. നഴ്‌സുമാരുടെ വാര്‍ഷിക അവലോകനത്തിലാണ് അന്വേഷണം നടക്കുന്ന കാര്യം വ്യക്തമായത്.

മുന്‍ സഹപ്രവര്‍ത്തക മഞ്ജു ഏബ്രഹാം, കുടുംബാംഗമായ ടീന ജോസ് എന്നിവരെയാണ് റഫറന്‍സ് ആയി നല്‍കിയിരുന്നത്. ഇവ വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. ജോലി ചെയ്ത കാലയളവില്‍ 21,692 പൗണ്ട് ഷെല്‍വി ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ആശുപത്രി കോടതിയില്‍ അറിയിച്ചു. അവസാന മൂന്നു മാസത്തെ ശമ്പളം ഷെല്‍വിയില്‍ നിന്ന് തിരികെപ്പിടിച്ചതായും ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു.

കരുതിക്കൂട്ടിയുള്ള കുറ്റമാണിതെന്നായിരുന്നു ബ്രിസ്റ്റോള്‍ മജിസ്‌ട്രേട്ട് കോടതിയുടെ കണ്ടെത്തല്‍. വെറും കബളിപ്പിക്കല്‍ മാത്രമല്ല, ഷെല്‍വി പൊതു സമൂഹത്തിലെ ദുര്‍ബലരായവരെ മനപൂര്‍വം വഞ്ചിക്കുക കൂടിയായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു. ആശുപത്രികളിലെ ഗുണനിലവാരവും സുരക്ഷയും പ്രഥമമായി പരിഗണിക്കുന്ന രാജ്യമാണ് ഇതെന്നും കോടതി ഓര്‍മിപ്പിച്ചു. വിക്റ്റിം സര്‍ച്ചാര്‍ജ് ആയി 100 പൗണ്ട് അടക്കാനും കോടതി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.