1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

സ്വന്തം ലേഖകന്‍: ജീവശ്വാസം ഊതി നിറച്ച് അയര്‍ലന്‍ഡുകാരന്റെ ജീവന്‍ രക്ഷിച്ച ഈ മലയാളി യുവാവാണ് പുതുവര്‍ഷത്തില്‍ ഐറിഷ് മാധ്യമങ്ങളിലെ താരം. കില്‍ക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവന്‍ നഴ്‌സിംഗ് ഹോമിലെ ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ ആലക്കോട് സ്വദേശി മനു മാത്യുവാണ് സമയോചിത ഇടപെടലിലൂടെ അയര്‍ലന്‍ഡുകാരനായ ജാണ്‍ മക്കെയ്‌സിയുടെ ജീവന്‍ രക്ഷിച്ചത്.

അയര്‍ലന്‍ഡിലെ കാര്‍ലോയില്‍ നടന്ന സൗത്ത് വെസ്റ്റ് ലിന്‍സ്റ്റെര്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം കില്‍ക്കെനിയെ പ്രതിനിധീകരിച്ച് ഡബിള്‍സ് കളിക്കാനെത്തിയതായിരുന്നു മനുവും ജോണ്‍ മക്കെയ്‌സിയും. കളിക്കിടെ കോര്‍ട്ടില്‍നിന്നു പുറത്തേക്കു പോയ ജോണ്‍ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ജോണിന്റെ വായില്‍ നുരയും പതയും വരുന്നതു കണ്ടതോടെ ഒട്ടും വൈകാതെ മനു പ്രഥമശുശ്രൂഷ നല്‍കി.

പള്‍സ് റേറ്റ് നോക്കിയപ്പോള്‍ അപകടനില മനസിലാക്കിയ മനു ജോണിന് മൗത്ത് ടു മൗത്ത് റസ്‌ക്യൂ ബ്രീത്ത് കൊടുത്തു. ആദ്യതവണ തന്നെ പ്രതികരിച്ച ജോണിന്റെ ശ്വാസം വീണ്ടും നിന്നുപോകാതിരിക്കാന്‍ തുടര്‍ച്ചയായി പത്തു മിനിറ്റ് മനു മൗത്ത് ടു മൗത്ത് റസ്‌ക്യൂ ബ്രീത്ത് കൊടുത്തു. അപ്പോഴേക്കും ആംബുലന്‍സും എത്തി. ആശുപത്രിയില്‍ എത്തിച്ചശേഷം നടത്തിയ പരിശോധനയില്‍ ജോണിന്റെ ഹൃദയത്തില്‍ നാല് ബ്ലോക്കുകളുള്ളതായി കണ്ടെത്തി. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ് ജോണ്‍.

‘അപസ്മാരം ബാധിച്ചപോലെയാണ് ആദ്യം തോന്നിയത്. അത്രയും നേരം കളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് അങ്ങനെ വരാനുള്ള സാധ്യതയില്ലെന്നു ചിന്തിച്ചപ്പോള്‍ ഹൃദയാഘാതമായിരിക്കാം എന്ന് മനസിലായി. അപ്പോഴേക്കും ജോണ്‍ അബോധാവസ്ഥയിലായി കഴിഞ്ഞിരുന്നു. അദ്ദേഹം വീണ്ടും തിരിച്ചുവരുന്നുവെന്ന് കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല മനു പറയുന്നു.

പുതുവര്‍ഷത്തില്‍ അയര്‍ലന്‍ഡിലെ മാധ്യമങ്ങളിലും താരം മനുവായിരുന്നു. കണ്ണൂര്‍ ആലക്കോട് വായാട്ടുപറന്പിലെ തെക്കേകൊട്ടാരം കുടുംബാംഗമായ മനു മാത്യു 2006 മുതല്‍ കില്‍ക്കെനിയില്‍ ജോലി ചെയ്യുന്നു. കാസില്‍കോമിറിലാണ് മനുവും എച്ച്എസ്ഇയുടെ കമ്യൂണിറ്റി നഴ്‌സായ ഭാര്യ നിഷയും താമസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.