1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

സ്വന്തം ലേഖകന്‍: യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി, വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചതിനു ശേഷം നാട്ടിലേക്ക് തിരിക്കും. വത്തിക്കാന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫാദര്‍ ഉഴുന്നാലിനെ ഭീകരര്‍ വിട്ടയച്ചതായി ഒമാന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ഫാദര്‍ ടോം മോചിതനായ വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയതായി ‘ഒമാന്‍ ഒബ്‌സര്‍വര്‍’ പത്രം പറയുന്നു. ഒരു വലിയ മുറിയില്‍ ഫാദര്‍ ടോം നില്‍ക്കുന്ന ചിത്രവും പത്രം പുറത്തുവിട്ടു. കറുത്തവസ്ത്രം ധരിച്ച ഫാദര്‍ ടോം പ്രസന്നവദനനായി നില്‍ക്കുന്നതാണ് ചിത്രം. ദൈവത്തിനും തന്റെ മോചനത്തിനായി ശ്രമിച്ച സഹപ്രവര്‍ത്തകര്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖ്വാബൂസിനും നന്ദി അറിയിക്കുന്നതായി ഫാദര്‍ ടോം പ്രതികരിച്ചു.

ഒമാനില്‍ എത്തിച്ച ഫാദര്‍ ഉഴുന്നാലിന് വിദഗ്ധ ചികിത്സ നല്‍കി. അദ്ദേഹം വത്തിക്കാനിലേക്ക് തിരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍. മാര്‍പാപ്പയെ കണ്ടശേഷം ഇന്ത്യയിലെത്തും. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് ഒമാന്‍ നിര്‍ണായകമായ ഇടപെടലാണ് നടത്തിയതെന്ന് സീറോ മലബാര്‍ കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ മാര്‍ ആലഞ്ചേരി വ്യക്തമാക്കി. ഫാദര്‍ ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലില്‍ നന്ദിപറയുന്നതായും അദ്ദേഹം അറിയിച്ചു.

സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാദര്‍ ടോം, യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2016 മാര്‍ച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. തുടര്‍ന്ന് കത്തോലിക്കാ സഭയും ഇന്ത്യന്‍ വിദേശകാര്യവകുപ്പും വിവിധ തലങ്ങളില്‍ ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തി വരുകയായിരുന്നു.

ഫാദര്‍ ടോമിനെ വിടണമെങ്കില്‍ വന്‍തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകര്‍ ഉപാധിവച്ചത് മോചനശ്രമങ്ങള്‍ അനിശ്ചിതത്വത്തിലാക്കി. കൂടാതെ ഇന്ത്യയ്ക്ക് യെമനുമായി നയതന്ത്ര ബന്ധമില്ലാത്തതും മോചന വൈകാന്‍ കാരണമായി. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, സൗദിയുടെ സഹായത്തോടെ നയതന്ത്ര നീക്കങ്ങള്‍ നടത്തിയപ്പോള്‍ കത്തോലിക്ക സഭ ഒമാന്റെ സഹായം തേടി. തുടര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ ഫാദറിന്റെ മോചനത്തിനായി അടിയന്തിരമായി ഇടപെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.