1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2017

സ്വന്തം ലേഖകന്‍: അരക്കോടി മോചനദ്രവ്യം അവശ്യപ്പെട്ട് ബംഗളുരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊന്ന് നഗരത്തിലെ തടാകത്തില്‍ തള്ളി. സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റു ചെയ്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകന്‍ എന്‍ജിനിയറിങ്ങ് ഡിപ്ലോമ വിദ്യാര്‍ഥി ശരത്താ (19) ണ് കൊല്ലപ്പെട്ടത്. ശശി, വിശാല്‍, വിക്കി, ശാന്ത, കര്‍ണ്ണ എന്നിവരടക്കം ആറു പേരാണ് പിടിയിലായത്.

ഈ മാസം പതിനാലിനാണ് ഇവര്‍ ശരത്തിനെ തട്ടിക്കൊണ്ടുപോയത്.
മകനെ വിട്ടയക്കാന്‍ 50 ലക്ഷം നല്‍കണമെന്നാവശ്യപ്പെട്ട് വാട്ട്‌സാപ്പില്‍ ഭീഷണി സന്ദേശവും അയച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ശരത്തിന്റെ മൂത്ത സഹോദരിയുടെ കാമുകനാണ് വിശാല്‍. ശരത്തിന്റെ അയല്‍വാസിയാണ് ശശി. പരാതി നല്‍കിയതറിഞ്ഞ് ആറംഗ സംഘം ശരത്തിനെ കഴുത്തു ഞെരിച്ച് കൊന്ന് മൃതദേഹം ബെംഗളൂരു നഗരത്തിലെ രാമോഹള്ളി തടാകത്തില്‍ തള്ളുകയായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് പ്രതികള്‍ മൃതദേഹം തപ്പിയെടുത്ത് ദേഹത്ത് കല്ലുകെട്ടി വീണ്ടും തടാകത്തില്‍ തള്ളി. വാട്ട്‌സാപ്പ് സന്ദേശം അയച്ച ഫോണിനെ പിന്തുടര്‍ന്ന പോലീസ് പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. പുതിയതായി വാങ്ങിയ എന്‍ഫീല്‍ഡ് ബൈക്ക് കൂട്ടുകാരെ കാണിക്കാന്‍ പോകുമ്പോഴാണ് ശരത്തിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയത്.

വൈകീട്ട് 6.30നാണ് വീട്ടില്‍ നിന്ന് ഇറങ്ങിയ ശരത് 8 മണി കഴിഞ്ഞിട്ടും തിരിച്ചു വരാതായതോടെ അമ്മ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കോള്‍ എടുക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ ശരത്തിന്റെ ഒരു വീഡിയോ ലഭിക്കുകയായിരിന്നു. തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും 50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയാലേ അവര്‍ വിടൂ എന്നുമായിരുന്നു ശരത് വീഡിയോയില്‍ പറഞ്ഞത്.

മെസേജ് വന്നതിന് ശേഷം ശരത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. രാജരാജേശ്വരി നഗറില്‍ വെച്ചാണ് ഫോണ്‍ സ്വിച്ച് ഓഫായത്. തീവ്രവാദികളെ പോല തോന്നിക്കുന്നവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ശരത് പറഞ്ഞിരുന്നു. തങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തട്ടിക്കൊണ്ടുപോയവര്‍ക്ക് അറിയാം. തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോകാനും അവര്‍ പദ്ധതിയിടുന്നതായും പോലീസില്‍ പരാതിപ്പെടരുതെന്നും ശരത് മാതാപിതാക്കളെ അറിയിച്ചിരുന്നു.

പിടിയിലായവരില്‍ വിശാല്‍ എന്നയാള്‍ക്ക് ശരത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഇയാളാണ് കൃത്യത്തിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് അറിയിച്ചു. പന്ത്രണ്ടാം തിയതി തന്നെ ശരത്തിനെ സ്വിഫ്റ്റ് കാറിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയതായും തുടര്‍ന്ന് മൃതദേഹം തടാകത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.