1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2018

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; വിധികേട്ട് കരഞ്ഞും ചിരിച്ചും പ്രതികള്‍. മൂന്നു വര്‍ഷമായി തുടര്‍ന്ന വിചാരണ നടപടികള്‍ക്കൊടുവില്‍ സാം എബ്രഹാം വധക്കേസില്‍ ഓസ്‌ട്രേലിയിലെ വിക്ടോറിയന്‍ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞപ്പോള്‍ അരുണിന്റെ മുഖത്ത് നിര്‍വികാരതയായിരുന്നു. എന്നാല്‍ പൊട്ടിക്കരഞ്ഞാണ് സോഫിയ വിധി കേട്ടത്. പ്രതികളായ സോഫിയയ്ക്കും കാമുകന്‍ അരുണിനും വിക്ടോറിയന്‍ കോടതി യഥാക്രമം 22 വര്‍ഷവും 27 വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്.

672 ദിവസമായി ജയിലില്‍ കിടക്കുന്ന പ്രതികള്‍ വിധി കേള്‍ക്കാനായി രാവിലെ 10.25 ഓടെയാണ് കോടതി മുറിയിലെത്തിയത്. മറ്റാരെയും നോക്കാതെ കോടതിയിലേക്കെത്തിയ സോഫിയ, ജഡ്ജി വിധി പറഞ്ഞ മുക്കാല്‍ മണിക്കൂര്‍ നേരവും നിശ്ചലയായിരിക്കുകയായിരുന്നു. എന്നാല്‍ അരുണ്‍ കമലാസനന്‍ കോടതി മുറിയിലെത്തിയപ്പോള്‍ തന്നെ അവിടെ എത്തിയ മറ്റെല്ലാവരെയും നോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂര്‍ നീണ്ട വിധി പ്രസ്താവം വായിച്ച ശേഷം അരുണിന്റെ ശിക്ഷയാണ് ആദ്യം പ്രസ്താവിച്ചത്. വിധി കേട്ട് വികാരമൊന്നുമില്ലാതെ അരുണ്‍ ഇരുന്നപ്പോള്‍ പൊട്ടി കരഞ്ഞുകൊണ്ടാണ് സോഫിയ ശിക്ഷാവിധി കേട്ടത്. സോഫിയക്ക് 18 വര്‍ഷവും അരുണിന് 23 വര്‍ഷം കഴിയാതെ പരോള്‍ ലഭിക്കില്ല.

ഇതിനു സമാനമായ മറ്റൊരു കേസ് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നു പറഞ്ഞ ജസ്റ്റിസ് കോഗ്ലാന്‍ ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുത്തിയിരുന്നുവെന്നും ശിക്ഷ കേരളത്തിലുള്ള ഭാര്യയെയും മകനെയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്നും പറഞ്ഞു.അരുണിന്റെ കുഞ്ഞ് വളരുന്ന സമയത്ത് അരുണ്‍ അടുത്തുണ്ടാകില്ല. പ്രായമായ അച്ഛനമ്മമാരുടെ അവസാന കാലത്തും അവര്‍ക്കൊപ്പം ഉണ്ടാകാന്‍ അരുണിന് കഴിയില്ല. അരുണിന്റെ തന്നെ നടപടികളാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു. കുറ്റകൃത്യത്തില്‍ സോഫിയയ്ക്ക് പശ്ചാത്താപമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സോഫിയയുടെ ഒമ്പത് വയസ്സായ മകന്‍ ഇപ്പോള്‍ സഹോദരിക്കൊപ്പം മെല്‍ബണിലാണുള്ളത്. സാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെടുന്നതില്‍ സോഫിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു എങ്കിലും അതില്‍ വ്യക്തമായ അഭിപ്രായം ഒന്നും പറയാതെയാണ് സോഫിയയുടെ ശിക്ഷ ജസ്റ്റിസ് കോഗ്ലാന്‍ വായിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.