1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2019

സ്വന്തം ലേഖകന്‍: മരുഭൂമിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായത് ഷാര്‍ജ പൊലീസിന്റെ അപ്രതീക്ഷിത ഇടപെടല്‍; അപരിചിതരായ ആ രണ്ട് അറബി പോലീസുകാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് കുടുംബം. ഷാര്‍ജയില്‍ താമസിക്കുന്ന പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം സ്വദേശി ബിഷ്‌റുദ്ദീന്‍ ഷര്‍ഖിക്കും കുടുംബത്തിനും മരുഭൂമിയില്‍ രക്ഷയായത് ഷാര്‍ജ പൊലീസ്. രണ്ടിടങ്ങളിലായി ഇവര്‍ക്ക് സഹായം നല്‍കിയത് രണ്ട് ഷാര്‍ജ പൊലീസുകാരാണ്. ആദ്യം അവര്‍ മരുഭൂമിയില്‍ കുടുങ്ങിയ വാഹനത്തെ രക്ഷപ്പെടുത്തി, പിന്നെ ടയര്‍ മാറ്റിയിട്ടു കൊടുക്കുകയും ചെയ്തു.

ഷാര്‍ജ മരുഭൂമിയില്‍ ബുധനാഴ്ച രാത്രി 10.30 നാണു സംഭവം. ഡെസേര്‍ട്ട് ഡ്രൈവിന് എത്തിയപ്പോഴാണ് ഷാര്‍ജയില്‍ താമസിക്കുന്ന പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം സ്വദേശി ബിഷ്‌റുദ്ദീന്‍ ഷര്‍ഖിയും കുടുംബവും മരുഭൂമിയില്‍ കുടുങ്ങിയത്. ബിഷ്‌റുദ്ദീന്‍, ഭാര്യ, ഭാര്യാമാതാവ്, മൂന്ന് മക്കള്‍ എന്നിവരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിന്റെ ചക്രങ്ങള്‍ മണലില്‍ താഴ്ന്നു പോകുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും കാര്‍ മുന്നോട്ടോ, പിന്നോട്ടോ ചലിപ്പിക്കാന്‍ സാധിച്ചില്ല.

പിന്നീട് കുടുംബത്തെ കാറില്‍ നിന്നിറക്കി ചക്രങ്ങള്‍ക്കടിയില്‍ നിന്ന് മണല്‍ മാറ്റിനോക്കിയെങ്കിലും ഫലമുണ്ടായില്ല. കല്ലു വച്ചു ചലിപ്പിക്കാനുള്ള ശ്രവും പഴായി. നിസഹായനായി നില്‍ക്കുമ്പോഴാണ ആദ്യ പോലീസുകാരന്റെ സര്‍പ്രൈസ് എന്‍ട്രി. വണ്ടിയുടെ വളയം പിടിച്ച അദ്ദേഹം ഞൊടിയിടയില്‍ കാര്‍ പുറത്തെടുത്തു. കാഴ്ച കണ്ട് കയ്യടിച്ചു. നന്ദി പറഞ്ഞ് ‘സര്‍വീസ് ചാര്‍ജ്’ കൊടുക്കാന്‍ തുനിഞ്ഞ ബിഷ്‌റുദ്ദീനോട് പണം വേണ്ടെന്ന് പറഞ്ഞ് രക്ഷകന്‍ മരുഭൂമിയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.

ടയറുകളില്‍ കാറ്റില്ലെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചു. കാറ്റടിക്കാന്‍ തൊട്ടടുത്ത പമ്പിലേക്കെത്താനുള്ള മണല്‍ വഴി കാണിച്ചുകൊടുത്തു. ആ വഴിയെ ചെന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ പെട്രോള്‍ പമ്പ് കണ്ടില്ല. കാറ്റില്ലാത്ത ടയറുകളും വച്ച് റോഡിലൂടെ വണ്ടിയോടിക്കുന്നതിനേക്കാള്‍ അപകടമായിരുന്നു ഹൈവേയില്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ പതുക്കെ പോകുന്നത്. പെട്ടെന്ന് ഒരു പൊലിസ് വാഹനം ഓവര്‍ടേക്ക് ചെയ്തു വന്നു. വണ്ടി സൈഡാക്കാനുള്ള സിഗ്‌നല്‍ നല്‍കി. ആശങ്കയോടെ വണ്ടി നിര്‍ത്തി.

ഇറങ്ങി വന്ന ഓഫീസര്‍ വണ്ടി പതുക്കെയാണ് പോകുന്നതെന്നും പിറകിലെ ഒരു ടയറില്‍ തീരെ കാറ്റില്ലെന്നും പറഞ്ഞു. ‘സ്റ്റെപ്പിനി ടയറുണ്ടോ’ എന്നായി പിന്നീടുള്ള അന്വേഷണം. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ‘അതു മാറ്റിയിടാന്‍ അറിയാമോ’ എന്നും ചോദിച്ചു. അറിയില്ലെന്ന് മറുപടി പറയാന്‍ മടിയായതിനാല്‍ ‘ഞാനാരെയെങ്കിലും വിളിക്കാം’ എന്നായിരുന്നു ബിഷ്‌റുദ്ദീന്റെ മറുപടി. ‘കുഴപ്പമില്ല, വരൂ ഞാന്‍ സഹിയിക്കാ’ മെന്നായി പോലീസുകാരന്‍.

‘ഒരു മെക്കാനിക്കിനെപ്പോലെ ആ പൊലീസുദ്യോഗസ്ഥന്‍ പണിതുടങ്ങി. ടൂള്‍സ് എടുത്തു കൊടുക്കുക എന്ന കര്‍ത്തവ്യം മാത്രമായിരുന്നു എനിക്ക്. മുട്ടുകുത്തിയും വണ്ടിക്കടിയിലേക്കു നൂണ്ടും സ്റ്റെപ്പിനി ടയറിലെ പൊടി തട്ടിയും ടയറൂരി ഉരുട്ടിയും നട്ടും ബോള്‍ട്ടും അഴിച്ചെടത്തും അദ്ദേഹം പണിതുടരുമ്പോള്‍ ഞാന്‍ ഷാര്‍ജ മലീഹ റോഡില്‍ നിന്നു. പണികഴിഞ്ഞ് ഉപദേശങ്ങള്‍ നല്‍കി എന്റെ മോനെ ഒന്നു താലോലിച്ചു. ഇന്ത്യക്കാരനെന്ന നിലക്ക് രണ്ടു മൂന്ന് ഹിന്ദി വാക്കുകള്‍ പറഞ്ഞ് കയ്യിലെ പൊടി തട്ടി യൂണിഫോം നേരെയാക്കി വണ്ടിയില്‍ കയറി പോയി,’ ഇപ്പോഴും അത്ഭുതം വിട്ടുമാറാത്ത ബിഷ്‌റുദ്ദീന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.