1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2017

 

സ്വന്തം ലേഖകന്‍: ‘കോടതിയോട് കളിക്കരുത്’, ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് വ്യാജ രേഖകളുമായി എത്തിയ യുവാവിനെ നിര്‍ത്തിപ്പൊരിച്ച് കോടതി. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടേയും അന്തരിച്ച തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ജെ. കൃഷ്ണമൂര്‍ത്തി എന്ന യുവാവിന് നേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആര്‍. മഹാദേവന്‍ ക്ഷമ നശിച്ച് പൊട്ടിത്തെറിച്ചത്. കൃഷ്ണമൂര്‍ത്തിയെ നേരെ ജയിലടയ്ക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് മഹാദേവന്‍ വേണമെങ്കില്‍ തനിക്കിപ്പോള്‍ പോലീസിനെ വിളിച്ച് ഇയാളെ ജയിലിലേക്ക് വിടാമെന്നും വ്യക്തമാക്കി.

ജയലളിതയുടെ മകനെന്ന നിലയ്ക്ക് തന്നെ പിന്‍ഗാമിയായി അംഗീകരിച്ച് അവരുടെ സ്വത്തുക്കള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ചത്. തന്റെ അവകാശവാദത്തിന്റെ തെളിവായി ചില രേഖകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കെട്ടിച്ചമച്ച രേഖകളാണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതാണ് ജസ്റ്റിസ് മഹാദേവനെ ചൊടിപ്പിച്ചത്. വ്യാജമാണെന്ന് ഒരു എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് പോലും മനസിലാകുന്ന രേഖകളുമായാണ് കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് വിമര്‍ശിച്ചു.

ഒറ്റ നോട്ടത്തില്‍ തന്നെ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്ന രേഖകളുമായി കോടതിയെ സമീപിച്ച കൃഷ്ണമൂര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കോടതിയോട് കളിക്കരുതെന്ന് ജഡ്ജ് മുന്നറിയിപ്പ് നല്‍കി. ഒറിജിനല്‍ രേഖകളുമായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 1985ല്‍ ജനിച്ച തന്നെ ഈറോഡ് സ്വദേശിയായ വസന്തമണിക്ക് ദത്ത് നല്‍കിയെന്നാണ് യുവാവിന്റെ അവകാശവാദം.

ഹര്‍ജിക്കാരനൊപ്പം കോടതിയില്‍ എത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയേയും കോടതി നിര്‍ത്തിപ്പോരിച്ചു. രാമസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി നിങ്ങള്‍ക്ക് ഈ കേസില്‍ എന്താണ് റോളെന്ന് തുറന്നടിച്ചു. യുവാവ് അവകാശപ്പെടുന്ന രേഖകളെല്ലാം രാമസ്വാമി കണ്ടിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ഒരാഴ്ച മുമ്പാണ് കൃഷ്ണമൂര്‍ത്തി അവകാശവാദവുമായി രംഗത്തുവന്നത്. ശശികലയും ജയലളിതയുടെ ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതിനാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണമൂര്‍ത്തി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.