1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, ബ്രിട്ടന്റെ കൈപിടിച്ച് ലോകം, ബ്രിട്ടീഷ് ദേശീയ പതാക അണിഞ്ഞ് ബുര്‍ജ്ജ് ഖലീഫ, തെരേസാ മേയ് സര്‍ക്കാരിന് പിന്തുണയുമായി ലോക നേതാക്കള്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ബ്രിട്ടന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് ബുര്‍ജ് ഖലീഫ നിറംമാറിയത്. ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറം എല്‍ഇ!ഡി വെളിച്ചമുപയോഗിച്ച് പതിപ്പിക്കുകയാണ് ചെയ്തത്. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ദുരന്തത്തില്‍ ആ രാജ്യത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ദേശീയ പതാകയുടെ നിറമണിയുന്നത് അപൂര്‍വമാണ്.

ഭീകരാക്രമണത്തില്‍ ലോകനേതാക്കള്‍ നടുക്കം പ്രകടിപ്പിച്ചു. ദുഷ്ടസിദ്ധാന്തമാണ് ആക്രമണത്തിനു പ്രചോദനമെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ് സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കാന്‍ പരിഷ്‌കൃതലോകം യോജിച്ചു നീങ്ങണമെന്ന് ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച അദ്ദേഹം ബ്രിട്ടീഷ് ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണെന്നും പറഞ്ഞു. ഇസ്രയേല്‍ പര്യടനത്തിനെത്തിയ ട്രംപ് ബത്‌ലഹേമില്‍ റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു.

മാഞ്ചസ്റ്ററില്‍ ജീവന്‍ നഷ്ടമായവരില്‍ ഏറെയും നിരപരാധികളായ കുട്ടികളാണ്. ഇനിയും ഇത്തരം രക്തച്ചൊരിച്ചില്‍ അനുവദിക്കാനാവില്ല. ഭീകരരെയും തീവ്രവാദികളെയും മാത്രമല്ല അവര്‍ക്കു സഹായം നല്‍കുന്നവരെയും സമൂഹത്തില്‍നിന്നു തുടച്ചുനീക്കണമെന്നു ട്രംപ് പറഞ്ഞു. ഭീകരതയ്ക്ക് എതിരേ യോജിച്ച പോരാട്ടം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ആസൂത്രകര്‍ നിയമത്തിന്റെ കൈയില്‍നിന്നു രക്ഷപ്പെടില്ലെന്നു കരുതുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി.

ഇത്തരം നീചകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേയുള്ള പോരാട്ടം ശക്തമാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിര്‍ദേശിച്ചു. ഭീകരരെ നേരിടാനുള്ള ഊര്‍ജം വര്‍ധിപ്പിക്കാനേ ഈ ആക്രമണം സഹായിക്കുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജുന്‍കര്‍ വ്യക്തമാക്കി. ഭീകരത ആഗോള പ്രശ്‌നമാണെന്നും ഇതിനെതിരേ യോജിച്ചപോരാട്ടമാണ് ആവശ്യമെന്നും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കൗമാരപ്രായക്കാരെ ലക്ഷ്യംവച്ചു നടത്തിയ അതിനീചമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും ബ്രിട്ടന് എല്ലാ പിന്തുണയും നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടേണ്‍ബുള്‍ വ്യക്തമാക്കി.

വിഷമം പിടിച്ച ഈ സന്ദര്‍ഭത്തില്‍ ചൈനീസ് ജനത ബ്രിട്ടീഷുകാരോടപ്പമുണ്ടെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് പറഞ്ഞു. നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ട്, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയി, ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവ്‌ലോ ജന്റിലോണി, ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോര്‍ക്കെ റാമുന്‍സെന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേണ്‍ തുടങ്ങിയവരും മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ അപലപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.