1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2019

സ്വന്തം ലേഖകന്‍: പാര്‍വതിയും, ടൊവിനോ തോമസും, ആസിഫ് അലിയും ഒന്നിക്കുന്നു; ഉയരെയുടെ പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍; ഒപ്പം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കായി ഹൃദയം തൊടുന്ന ഒരു കുറിപ്പും. പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍. രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയുടെ സഹസംവിധായകനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്വതന്ത്ര സംവിധായകനായുള്ള മനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ഉയരെ. ഒരു ആസിഡ് ആക്രമണത്തിന് വിധേയയായ യുവതിയുടെ കഥാപാത്രമാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫിന് ശേഷം പാര്‍വതിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഉയരെ. ദേശീയ പുരസ്‌കാര ജേതാവായ സിദ്ധാര്‍ഥ് ശിവയുടെ അടുത്ത ചിത്രത്തിലും പാര്‍വതിയും ആസിഫും ഒന്നിക്കും.

രാജേഷ് പിള്ളയുടെ രണ്ടാം ചരമവാര്‍ഷികം കൂടിയായ ബുധനാഴ്ചയാണ് പോസ്റ്റ്ര്‍ പുറത്തുവിട്ടത്. 2016 ഫെബ്രുവരി 27നാണ് കരള്‍ സംബന്ധമായ രോഗം ബാധിച്ച് രാജേഷ് പിള്ള അന്തരിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ്.ക്യൂബ് ഫിലിംസും ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കടന്നു വന്ന വഴികളില്‍ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓര്‍മിക്കുവാന്‍ കഴിയാറില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹാസംവിധായകന്‍ മനു അശോകന്‍ അദ്ദേഹത്തിന് സ്വന്തം സഹോദരന്‍ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകന്‍ ആയി മനു വളരുന്നത് കാണാന്‍ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.

‘ഉയരെ’ എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓര്‍മ ദിവസത്തില്‍ ഇങ്ങനെ ഒരു സ്മരണാഞ്ജലി നല്‍കുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാന്‍ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യല്‍ പോസ്റ്റര്‍.

ഒരുപാട് നല്ല സിനിമകള്‍ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരന്‍ പി.വി.ഗാംഗധാരന്‍ സാറിന്റെ മൂന്നു പെണ്മക്കള്‍ സിനിമ നിര്‍മാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേര്‍ത്ത് നിര്‍ത്താം, നല്ല സിനിമകളിലൂടെ ഓര്‍മ്മിച്ചുകൊണ്ടേ ഇരിക്കാം!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.