1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2016

സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരവും നിയമപരമായ കൊള്ളയും, രാജ്യസഭയില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം. വലിയ നോട്ടുകള്‍ സാമ്പത്തിക വിക്രയങ്ങളില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടുള്ള നടപടി ചരിത്രപരമായ മാനേജ്‌മെന്റ് ദുരന്തമെന്നാണ് മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്. രാജ്യസഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുമ്പിലിരുത്തിയായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

രാജ്യത്തിന്റെ ജിഡിപിയില്‍ രണ്ടു ശതമാനത്തിന്റെ വീഴ്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. ചെറുകിട കച്ചവടക്കാരും സാധരണക്കാരുമാണ് നോട്ട് പിന്‍വലിക്കലിന്റെ പരിണിത ഫലം അനുഭവിക്കുന്നത്. ബാങ്കില്‍ നിക്ഷേപിച്ചിട്ട് പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേര് പറയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മോദി ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം 60 തോളം പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായെന്നും, ഇത് രാജ്യത്തെ കറന്‍സിയിലും ബാങ്കിംഗ് സംവിധാനത്തിലുമുള്ള വിശ്വാസ്യത തകര്‍ക്കുന്നതിന് കാരണമായേക്കാമെന്നും മന്‍മോഹന്‍ സിംഗ് പറയുന്നു.

ചെറുകിട കച്ചവട മേഖലകളും, കര്‍ഷകരും, സഹകരണ ബാങ്കിംഗ് രംഗവുമാണ് ഇതിന്റെ പ്രത്യാഘാതമനുഭവിക്കുന്നത്. ഇത് സംഘടിതവും നിയമപരവുമായ കൊള്ളയടിക്കലാണെന്നും നോട്ട് നിരോധനം രാജ്യത്തെ ഏത് രീതിയില്‍ ബാധിക്കുമെന്നതിനെ കുറിച്ച് ആര്‍ക്കും വ്യക്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുമ്പോഴും ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ല.

ഇന്ത്യാക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ തകര്‍ത്തതിനു ശേഷം സ്വന്തമാക്കുന്ന ഏതു ദീര്‍ഘകാല നേട്ടത്തെ കുറിച്ചാണ് സര്‍ക്കാര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.