1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സ്വന്തം ലേഖകന്‍: റാന്‍സംവെയറിന്റെ സൈബര്‍ വിളയാട്ടം അവസാനിപ്പിച്ചത് 22 കാരന്‍ ഹാക്കര്‍, ചെലവായത് വെറും 584 രൂപ. മാല്‍വെയര്‍ ടെക് എന്ന കമ്പ്യൂട്ടര്‍ ഹാക്കര്‍ വിദഗ്‌നാണ് ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തെ ചെറുക്കാനുള്ള വഴിയുമായി രംഗത്തെത്തി അധികൃതരെ ഞെട്ടിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ മാല്‍വെയര്‍ ടെക് എന്ന വ്യാജ പേരിലാണ് ഇയാളെ മാധ്യമങ്ങള്‍ ആദ്യം വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ യുവാവിന്റെ പേര് മാര്‍ക്ക് ഹച്ചിന്‍സ് എന്നാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളോടൊപ്പം കൂടുതല്‍ വിവരങ്ങളും ‘ഡെയ്‌ലി മെയില്‍’ പുറത്തുവിട്ടു. സ്വയം ആര്‍ജിച്ച സാങ്കേതിക പരിജ്ഞാനമാണ് റാന്‍സംവെയര്‍ ആക്രമണത്തെ ചെറുക്കാന്‍ ഹച്ചിന്‍സ് ഉപയോഗിച്ചത്. സൈബര്‍ ആക്രമണത്തെ താന്‍ വരുതിയിലാക്കിയെന്ന വിവരം യുവാവ് പുറത്തുവിട്ടതോടെ അദ്ദേഹം സൈബര്‍ ലോകത്തെ താരമായി മാറി.

റാന്‍സംവെയറിന്റെ ആക്രമണത്തെ ഫലപ്രദമായി നിയന്ത്രിച്ച ഇയാള്‍ ഒരിക്കല്‍ ഡെവണിലെ ഇല്‍ഫ്രാകോമ്പേ അക്കാദമിയില്‍ പ്രധാനാധ്യാപകന്റെ ഓഫീസില്‍ കയറി കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്തതിന് സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ താന്‍ അന്ന് ചെയ്തത് സ്‌കൂള്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്ന പ്രോക്‌സി സെര്‍വര്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. ഈ സംഭവം നടക്കുമ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നാതായിരുന്നു കുറ്റം. 2010 ല്‍ നടന്ന സംഭവത്തില്‍ ഒരാഴ്ച സസ്‌പെന്‍ഷനില്‍ പുറത്തിരിക്കേണ്ടി വന്നു.

പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറില്‍ നിന്നും മാര്‍ക്കസിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ജിസിഎസ്ഇ പേപ്പറില്‍ മാത്രമാണ് പാസ്സായതെന്ന് ഇയാള്‍ പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹച്ചിന്‍സ്. വാന്നക്രൈയിലെ പിഴവുകള്‍ തേടിയുള്ള പരിശോധനയക്ക് ഇടയില്‍ ആരുടേയും ഉടമസ്ഥതയില്‍ അല്ലാത്ത ഒരു വെബ്‌സൈറ്റ് വിലാസം കണ്ടെത്തി. 72 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം ഒടുവില്‍ വൈറസിനെ തടയുകയായിരുന്നു.

ഒഴിവുദിനത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സൈബര്‍ ആക്രമണത്തിനുപയോഗിച്ച പ്രോഗ്രാമിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞത്. അതോടെ പ്രോഗ്രാമിന്റെ നിയന്ത്രണം അദ്ദേഹം കൈക്കലാക്കുകയായിരുന്നു. വാനാക്രൈ എന്ന റാന്‍സംവെയര്‍ ചെക്ക് ചെയ്തിട്ടുള്ള യു.ആര്‍.എല്‍. പരിശോധിച്ചപ്പോള്‍ അത് ചെയ്തിട്ടുള്ള ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാത്തതാണെന്ന് കണ്ടു. ഇത് കണ്ടുപിടിച്ച മാല്‍വേയര്‍ ടെക് 8.30 യുറോ (584 രൂപ) നല്‍കി ഈ ഡൊമൈന്‍ കൈക്കലാക്കി.

സൈബര്‍ ആക്രമണങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന രീതി മാത്രമാണിതെന്നും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന് മാല്‍വെയര്‍ വ്യാപനം തടയാന്‍ സാധിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പറയുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ നടന്നതോടെ മാല്‍വെയറിന്റെ വ്യാപനം തടസപ്പെടുകയായിരുന്നു. ഇന്ത്യയടക്കം 99 രാജ്യങ്ങളിലാണ് സൈബര്‍ ആക്രമണമുണ്ടായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.