1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2018

സ്വന്തം ലേഖകന്‍: തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് യുഎസ് കമ്മിറ്റിക്കു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സിഎ ചോര്‍ത്തിയ 87 മില്യണ്‍ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ പട്ടികയില്‍ തന്റേതും ഉള്‍പ്പെടുന്നുണ്ടെന്നും യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

അതേസമയം, ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിയന്ത്രണം ലഭിക്കുന്നില്ലെന്ന് ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വിമര്‍ശനത്തെ സക്കര്‍ബര്‍ഗ് തള്ളിക്കളയുകയും ചെയ്തു. ഫെയ്‌സ്ബുക്കില്‍ ആര് എപ്പോള്‍ എന്തു പങ്കുവയ്ക്കാനെത്തിയാലും അവര്‍ക്കു അവിടെവച്ചുതന്നെ എല്ലാം നിയന്ത്രിക്കാനാകും. ആ സംവിധാനം ഉപയോക്താവിനു അപ്പോള്‍തന്നെ ഉപയോഗിക്കാനാകുന്ന വിധമാണു സജ്ജീകരിച്ചിരിക്കുന്നത്. അല്ലാതെ സെറ്റിങ്‌സില്‍ കയറി മാറ്റേണ്ട കാര്യമില്ല, സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട സക്കര്‍ബര്‍ഗ് രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ ഹാജരാകുന്നത്. പതിവു വസ്ത്രമായ ഗ്രേ ടീ ഷര്‍ട്ടിനു പകരം സ്യൂട്ട് ധരിച്ചാണ് സക്കര്‍ബര്‍ഗ് ഹാജരായത്. സെനറ്റര്‍മാരുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ പതറാതെ കൃത്യമായ ഉത്തരങ്ങളാണ് ഫെയ്‌സ്ബുക് സ്ഥാപകന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.