1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2017

 

സ്വന്തം ലേഖകന്‍: ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡും തമ്മിലുള സമാധാന കരാറിന്റെ ശില്പി മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു. 66 വയസായിരുന്നു. അവയവങ്ങളിലും കോശങ്ങളിലും അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീന്‍ അടിഞ്ഞുകൂടുന്ന അത്യപൂര്‍വമായ ജനിതകരോഗമായിരുന്നു മരണകാരണം. അസുഖ ബാധിതനായി ഡെറിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്രത്തിനായി രൂപം കൊണ്ട വടക്കന്‍ ഐറിഷ് സായുധ പ്രസ്ഥാനം ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി (ഐആര്‍എ)യുടെ നേതാവായിരുന്നു മക്ഗിന്നസ്.

സായുധ സമരത്തിന്റെ പാത വെടിഞ്ഞ് മക്ഗിന്നസ് പിന്നീടു സമാധാന ചര്‍ച്ചകളിലെ പ്രധാന മുഖമായി. വടക്കന്‍ അയര്‍ലന്‍ഡിലെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍നിന്ന് ഈ ജനുവരിയിലാണ് അദ്ദേഹം രാജിവച്ചത്. ഐആര്‍എ തലവനായിരുന്ന ശേഷം അവരുടെ രാഷ്­ട്രീയ പ്രസ്ഥാനമായ സിന്‍ ഫെയിനിന്റെ നേതാവായി. ഐആര്‍എയെ മക്ഗിന്നസ് നയിച്ചിരുന്ന അവസരത്തിലാണ് മൗണ്ട് ബാറ്റന്‍ പ്രഭുവും 18 സൈനികരും കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനം നടന്നത്.

ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തി ഐആര്‍എ പോരാളികള്‍ക്ക് കുറ്റവിമുക്തിയും തടവുകാര്‍ക്ക് ശിക്ഷ ഇളവും നേടിക്കൊടുത്ത കരാര്‍ ഉണ്ടാക്കുന്നതില്‍ ഗെറി ആഡംസിനൊപ്പം മക്ഗിന്നസ് വലിയപങ്ക് വഹിച്ചു. സ്വാതന്ത്രത്തിനു ശേഷവും തന്റെ നിലപാടുകളിലൂടെ ജനപ്രിയ നേതാവായിരുന്നു മക്ഗിന്നസ്.

കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞെങ്കിലും അസുഖംതന്നെയായിരുന്നു യഥാര്‍ഥ കാരണം. നിര്യാണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അനുശോചിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.