1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

സ്വന്തം ലേഖകന്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്ന് ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി ജയശങ്കര്‍. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈന നേരത്തെ തടയിട്ടിരുന്നു. ഇയാളെ ഭീകരനെന്ന് വിളിക്കാനാവില്ലെന്ന്പറഞ്ഞ ചൈന മസൂദിനെതിരെയുള്ള തെളിവുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറിയുടെ രൂക്ഷമായ പ്രതികരണം.

‘മസൂദ് അസ്ഹറിന്റെ പ്രവൃത്തികളെല്ലാം തന്നെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. അയാള്‍ എത്ര വലിയ കുറ്റവാളിയാണെന്ന് തെളിയിക്കേണ്ട ബാധ്യത ന്യൂഡല്‍ഹിക്കില്ല,’ ജയശങ്കര്‍ ചൈനീസ് അധികൃതരോട് പറഞ്ഞു. ബുധനാഴ്ച്ച ബെയ്ജിങ്ങില്‍ വെച്ച് ചൈനീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ജയ്ശങ്കര്‍ ഇന്ത്യയുടെ നിലപാട് അറിയിച്ചത്.

മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയില്‍ ചൈന എതിര്‍ത്തിരുന്നു. ചൈന തടസവാദം ഉന്നയിക്കാതിരുന്നുവെങ്കില്‍ ഇതുസംബന്ധിച്ച യുന്‍ പ്രമേയം പാസാകുമായിരുന്നു. മസൂദ് അസ്ഹറിനെ വിലക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നതായിരുന്നു ചൈനയുടെ നിലപാട്. എന്നാല്‍ പ്രമേയം മുന്നോട്ടു വെച്ചത് അമേരിക്കയാണെന്നും മസൂദിനെ വിലക്കുന്ന തരത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ അമേരിക്കയ്ക്ക് കൃത്യമായ കാരണങ്ങളുണ്ടാവുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചപ്പോഴാണ് വ്യക്തമായ തെളിവാണ് വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. കൃത്യമായ തെളിവുണ്ടെങ്കില്‍ പിന്തുണ നല്‍കും. തെളിവില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെളിവു നല്‍കേണ്ടത് ഇന്ത്യയുടെ ചുമതലയല്ലെന്ന വിദേശകാര്യ സെക്രട്ടറിയുടെ വിശദീകരണം.

ആണവദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യയ്ക്കു പ്രവേശനം നിഷേധിക്കുന്ന ചൈനയുടെ നയം, പാക്ക് ഭീകരന്‍ മസൂദ് അസ്ഹറിനെതിരായ നടപടി തടയുന്ന നിലപാട്, പാക്ക് അധീന കശ്മീരിലൂടെ പോകുന്ന ചൈന, പാക്ക് സാമ്പത്തിക ഇടനാഴി തുടങ്ങിയ വിഷയങ്ങളാണ് ജയശങ്കറിന്റെ ചൈന സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.