1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2016

സ്വന്തം ലേഖകന്‍: മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി. മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഹിസാന ഹുസൈനും, മൂന്നു വയസുള്ള മകനുമാണ് ദമാമില്‍ ജയിലില്‍ കുടുങ്ങിയത്.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ട് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചാണ് ഡ്രഗ്‌സ് ആന്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അമ്മയെയും കുഞ്ഞിനെയും പിടികൂടി ജയിലില്‍ അടച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് കുഞ്ഞിനെ വിട്ടയച്ചുവെങ്കിലും അമ്മ ഇപ്പോഴും ജയിലില്‍ തന്നെയാണ്.

ചൊവ്വാഴ്ചയാണ് ഹിസാന കുഞ്ഞിനൊപ്പം കൊച്ചിയില്‍ നിന്നു സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയത്. മസ്തിഷ്‌ക സംബന്ധിയായ ഗുരുതര രോഗത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലായിരുന്നു അവര്‍ ഡോക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ആറു മാസത്തേയ്ക്കുള്ള മരുന്നും ഒപ്പം കരുതിയിരുന്നു. എന്നാല്‍, ദമാം വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനയില്‍ ഇവരെ ഡ്രഗ് ആന്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടുകയായിരുന്നു.

വിവരം നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹിസാനയുടെ ചികിത്സാ റിപ്പോര്‍ട്ട് എംബസിയ്ക്ക് അയച്ചുകൊടുക്കുകയും ഹിസാനയുടെ ഭര്‍ത്താവ് എംബസി ആവശ്യപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്നുകളുമായി സൗദിയിലേയ്ക്ക് എത്തരുതെന്ന് മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മന്ത്രാലയത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടായതോടെയാണ് കുഞ്ഞിനെ ജയിലില്‍ നിന്നും വിട്ടയയ്ക്കാന്‍ അധികൃതര്‍ തയ്യാറായത്. ഹിസാനയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.