1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2016

സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ കുടിയേറ്റ ബോട്ടുകള്‍ മുങ്ങി ഒരാഴ്ചകൊണ്ട് പൊലിഞ്ഞത് 700 ജീവന്‍. മൂന്ന് ബോട്ടപകടങ്ങളിലായി 700 കുടിയേറ്റക്കാര്‍ മരിച്ചതായി യു.എന്‍. റഫ്യൂജി ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുള്ളത്. ലിബിയയില്‍നിന്നും ഇറ്റലിയിലേക്കു അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണു ദുരന്തത്തില്‍പ്പെട്ടത്.

ബുധനാഴ്ച മുങ്ങിയ കള്ളക്കടത്തു ബോട്ടിലെ നൂറുപേരെ കാണാതായി. നിരവധിപ്പേരെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അഞ്ഞൂറിലേറെപ്പേരെ കാണാതായി. പടിഞ്ഞാറന്‍ ലിബിയയിലെ സബ്രത തുറമുഖത്തുനിന്നു പുറപ്പെട്ടതാണ് ഈ ബോട്ട്. 670 പേര്‍ കയറിയ ബോട്ടിന് എന്‍ജിന്‍ പോലും ഇല്ലായിരുന്നെന്നും മറ്റൊരു ബോട്ട് ഇതിനെ കെട്ടിവലിച്ചുകൊണ്ട് പോവുകയായിരുന്നെന്നും രക്ഷപ്പെട്ടവര്‍ അറിയിച്ചിരുന്നു.

യാത്രയ്ക്കിടെ ബോട്ടില്‍ വെള്ളംകയറിത്തുടങ്ങി. യാത്രക്കാര്‍ കിട്ടിയ പാത്രങ്ങളില്‍ വെള്ളം കോരിക്കളയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബോട്ട് മുങ്ങുമെന്ന് ഉറപ്പായതോടെ ബന്ധിപ്പിച്ചിരിക്കുന്ന കയര്‍ മുറിച്ചുകളയാന്‍ ആദ്യബോട്ടിന്റെ കമാന്‍ഡര്‍ ഉത്തരവിടുകയായിരുന്നു. മുകള്‍ത്തട്ടിലുള്ളവര്‍ കടലിലേക്കു ചാടിയെങ്കിലും താഴെത്തെ തട്ടിലുണ്ടായിരുന്ന മൂന്നൂറിലധികംപേര്‍ ബോട്ടിനൊപ്പം മുങ്ങി. കടലിലേക്കു ചാടിയവരില്‍ തൊണ്ണൂറോളംപേരെ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ചയുണ്ടായ മൂന്നാമത്തെ അപകടത്തില്‍ 45 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധിപ്പേരെ കാണാതായി. 135 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷപ്പെട്ടവരെ ഇറ്റലിയിലെ ടാറാന്റോ, പൊസാലോ തുറമുഖങ്ങളില്‍ എത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.