1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2017

സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി ഫേസ്ബുക്കിനെ കോടതി കയറ്റുന്നു. തന്നെ തീവ്രവാദിയെന്നും കുറ്റവാളിയെന്നും ആരോപിച്ച് പോസ്റ്റിടുന്നവരെ തടയാന്‍ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് സിറിയന്‍ അഭയാര്‍ഥിയായ അനസ് മൊദമാനി ഫേസ്ബുക്കിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്.

2015 സെപ്റ്റംബറിലാണ് ബര്‍ലിനിലെ സ്പന്ദാവു അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച അംഗല മെര്‍കലിനൊപ്പം ഈ 19 കാരന്‍ സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുക്കുമ്പോള്‍ ആരാണ് മെര്‍കല്‍ എന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഒരു അഭിമുഖത്തിനിടെ അനസ് പറഞ്ഞിരുന്നു. ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ പ്രധാനപ്പെട്ട വ്യക്തിയായിരിക്കുമെന്ന് കണ്ടാണ് സെല്‍ഫിയെടുക്കാന്‍ മുതിര്‍ന്നത്. പിന്നീടാണ് ജര്‍മനിയുടെ നേതാവാണ് അവരെന്ന് മനസ്സിലായത്.

ഈ ചിത്രം അടുത്തുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറും പകര്‍ത്തിയിരുന്നു. അഭയാര്‍ഥികളോടുള്ള ജര്‍മനിയുടെ തുറന്ന നിലപാടിന്റെ പ്രതീകമായി മാറിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും നിരവധി തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തത് പെട്ടെന്നാണ്. എന്നാല്‍ 2016 മാര്‍ച്ചില്‍ ബ്രസല്‍സിലെ തീവ്രവാദി ആക്രമണമുള്‍പ്പെടെ നിരവധി സംഭവങ്ങളില്‍ അനസിനെ പ്രതിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു കൂടുതല്‍ പോസ്റ്റുകളും.

ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായപ്പോള്‍ ‘ഇവര്‍ അംഗല മെര്‍കലിന്റെ മരണമാണ്’ എന്ന സന്ദേശത്തില്‍ വീണ്ടും ഫോട്ടോ വന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് പറഞ്ഞ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക് വിസമ്മതിക്കുകയായിരുന്നുവെന്ന് മൊദമാനിയുടെ അഭിഭാഷകന്‍ ചാന്‍ ജോ ജുന്‍ പറയുന്നു.

അഭയാര്‍ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോഴൊക്കെ അനസിന്റെ ഫോട്ടോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന മനുഷ്യനെ തീവെച്ച സംഘവുമായി അനസിനെ ബന്ധപ്പെടുത്തിയും പോസ്റ്റ് എത്തി. 500 തവണയാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടത്. 25,000ത്തിനും 50,000ത്തിനുമിടക്ക് ആളുകള്‍ ഇതു കണ്ടതായാണ് കണക്ക്.

അതേസമയം, വ്യക്തിപരമായി ഹനിക്കുന്ന പോസ്റ്റ് നീക്കം ചെയ്യണമെന്ന അപേക്ഷ ലഭിച്ചതായും അതുപ്രകാരം ഒറിജിനല്‍ പോസ്റ്റ് ഉടന്‍ ഒഴിവാക്കിയതായും അതിനാല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് സാധുതയുണ്ടെന്ന് കരുതുന്നില്ലെന്നും ഫേസ്ബുക് വക്താവ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഫേസ്ബുക്കിനെതിരെ അനസ് ജര്‍മന്‍ കോടതിയെ സമീപിച്ചത്. ഈ ഹരജിയില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കും.

ബര്‍ലിനിലെ ഒരു ഫാസ്റ്റ്ഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അനസ് സെല്‍ഫിയുണ്ടാക്കിയ പൊല്ലാപ്പില്‍ മാനസികമായി തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.