1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍. പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമൊക്രാറ്റിക് യൂണിയനെയും (സിഡിയു) 33 ശതമാനം വോട്ടോടെ ഒന്നാമതെത്തി. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) ക്ക് 31.2 ശതമാനത്തില്‍ ഒതുങ്ങേണ്ടി വന്നത് കനത്ത തിരിച്ചടിയാകുകയും ചെയ്തു.

1966 നുശേഷം ഒരു തവണയൊഴികെ എന്നും എസ്പിഡിയുടെ ഭരണത്തിലായിരുന്ന സംസ്ഥാനമാണിത്. രാജ്യത്തെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനവും ഇതാണ്. ജനസംഖ്യയുടെ നാലിലൊന്ന് (1.79 കോടി) ഇവിടെയാണ്. കൊളോണ്‍, ഡുസല്‍ഡോര്‍ഫ്, റൂഹര്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഈ സംസ്ഥാനത്തെ തോല്‍വിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഹാനെലോര്‍ ക്രാഫ്റ്റ് പാര്‍ട്ടിനേതൃത്വം രാജിവച്ചു. എസ്പിഡിയും ഗ്രീന്‍സ് പാര്‍ട്ടിയും ചേര്‍ന്നാണ് ഇവിടെ ഭരിച്ചിരുന്നത്. ഗ്രീന്‍സിന് 6.4 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. ഫ്രീ ഡെമോക്രാ റ്റുകള്‍ക്ക് 12.6 ശതമാനം കിട്ടി. സിഡിയു ഇവരുമായി സഖ്യമുണ്ടാക്കിയേക്കും.

എസ്പിഡി നേതാവ് മാര്‍ട്ടിന്‍ ഷുള്‍സിന്റെ സംസ്ഥാനമാണ് നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയ. ഈ തോല്‍വി ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒരുങ്ങുന്ന ഷുള്‍സിനും ക്ഷീണമായി. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) ക്ക് 7.4 ശതമാനം വോട്ട് നേടാനായത് തീവ്ര വലതുപക്ഷത്തിന് ജര്‍മനിയില്‍ വര്‍ധിച്ചുവരുന്ന സ്വാധീനമാണ് കാണിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വിജയത്തോടെ സെപ്റ്റംബര്‍ 24 നു നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലും സിഡിയുവും എതിരാളികള്‍ക്കുമേല്‍ വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ദേശീയ അഭിപ്രായ സര്‍വേകളില്‍ സിഡിയുവും ഷുള്‍സിന്റെ എസ്പിഡിയും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വേകളില്‍ 10 ശതമാനം വോട്ടിന്റെ മുന്‍തൂക്കവുമായി സിഡിയുവിന്റെ കുതിപ്പാണ് പ്രകടമാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.