1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2016

സ്വന്തം ലേഖകന്‍: കണ്ടാല്‍ ഒഴുകി നടക്കുന്ന കൊച്ചു ദ്വീപ്, ഉണ്ടാക്കിയിരിക്കുന്നതോ? വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട്. മെക്‌സിക്കോക്കാരനായ റിച്ചാര്‍ട്ട് സോവയാണ് ഒഴിഞ്ഞ പ്‌ളാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ഒഴുകുന്ന ഒരു കൃത്രിമ ദ്വീപും അതില്‍ ഒരു താമസസ്ഥലവും രൂപപ്പെടുത്തി ശ്രദ്ധേയനായിരിക്കുന്നത്.

മെക്‌സിക്കോയിലെ കാണ്‍കണ്‍ നഗരത്തിന് സമീപം ഇസ്‌ളാ മുജേറസ് ഉള്‍ക്കടലില്‍ സോവ നിര്‍മ്മിച്ചിരിക്കുന്ന ജോയ്‌സി ദ്വീപിനെ ഒഴുകുന്ന ഹരിതസൗഹൃദ സ്വര്‍ഗ്ഗം എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 150,000 പ്‌ളാസ്റ്റിക് ബോട്ടിലുകളില്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ദ്വീപിലാണ് വര്‍ഷങ്ങളായി ഈ 63 കാരനും പങ്കാളിയും അവരുടെ വളര്‍ത്തുനായയും താമസം.

ഈ പരിസ്ഥിതി സൗഹൃദ താവളമായ ദ്വീപിന് റിച്ചാര്‍ട്ട് സോവയിട്ടിരിക്കുന്ന പേരാണ് ജോയ്‌സീ ഐലന്റ് എന്നത്. പരിസ്ഥിതി സൗഹൃദമാണെങ്കിലും രാജകീയമായിട്ടാണ് ഇവിടെ സോവ താമസിക്കുന്നത്. രണ്ടു കിടപ്പുമുറിയും അടുക്കളയും ബാത്തറൂമുമുള്ള മൂന്ന് നില കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഒരു ആധുനിക വീടിന് സമാനമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

ഇന്റര്‍നെറ്റ് കണക്ഷന്‍, മഴവെള്ള സംഭരണി, വൈദ്യൂതിക്കായി സൗരോര്‍ജ്ജം, രണ്ടു കുളങ്ങള്‍, സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ജലധാര, ഒരു ചെറിയ നദി, ഓളം കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഷിംഗ് മെഷീന്‍ പിന്നെ ഒരു ജാക്കസിയും ഇതിലുണ്ട്. സോവയുടെ ഈ കൃത്രിമ ദ്വീപിന് സന്ദര്‍ശകരും ഏറെയാണ്.

ദ്വീപില്‍ ചുറ്റിയടിക്കാന്‍ ഇവരില്‍ നിന്നും സോവ പണം ഈടാക്കുകയും ചെയ്യാറുണ്ട്. ഒഴുകുന്ന ഈ ദ്വീപ് രണ്ടു ദശകമായി തന്റെ സ്വപ്നമായിരുന്നെന്നും എല്ലാവരോടും പ്രകൃതിയെ നോവിക്കാതെയുള്ള ഇത്തരമൊരു ജീവിതം നിര്‍ദേശിക്കുന്നതായും സോവ പറയുന്നു. വഴിയില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ എല്ലാ രാജ്യങ്ങളുടേയും തലവേദനയായ ഇക്കാലത്ത് പ്രകൃതിയെ സ്‌നേഹിക്കുകയും അതിനെ ഉപദ്രവിക്കുകയും ചെയ്യരുത് എന്നാണ് സോവയുടെ ഒഴുകുന്ന പ്ലാസ്റ്റിക് ദ്വീപിന്റെ സന്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.