1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2020

സ്വന്തം ലേഖകൻ: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്- BECA)ഒപ്പുവെച്ചു.

ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബി.ഇ.സി.എ. പരിധിയില്‍ വരിക. ഇന്ത്യ-അമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

ബി.ഇ.സി.എ. കരാര്‍ ഒപ്പുവെക്കലിനെ നിര്‍ണായക നീക്കമെന്നാണ് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ഉപകരണങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ തിരിച്ചറിഞ്ഞതായും ഇന്ത്യ-പസഫിക് മേഖലയില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വീണ്ടും ഉറപ്പുവരുത്തിയാതായും അദ്ദേഹം പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയും അമേരിക്കയും സൈബര്‍ വിഷയങ്ങളിലെ സഹകരണം വിപുലീകരിച്ചെന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇരു നാവികസേനകളും സംയുക്തമായി അഭ്യാസം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.