1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.

മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടി…. എന്ന കറുത്ത പൗര്‍ണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അര്‍ജുനന്‍ മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ചെട്ടികുളങ്ങര ഭരണിനാളില്‍ പാട്ടുകള്‍ മൂളാത്ത മലയാളികളുണ്ടാവില്ല.

പള്ളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യം സംഗീതം ഒരുക്കിയത്. ഓസ്‌കാറിനോളം ഇന്ത്യയുടെ പെരുമ ഉയര്‍ത്തിയ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചത് എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് കീഴിലായിരുന്നു

ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.

അദ്ദേഹം ചിട്ടപ്പെടുത്തിയ ‘ചെമ്പകത്തൈകള്‍ പൂത്താല്‍’ എന്നാ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അര്‍ജുനന്‍ മാഷിന്. പക്ഷേ സിനിമയുടെ പേരില്‍ ഒരു അംഗീകാരം ലഭിക്കാന്‍ 2017 വരെ കാക്കേണ്ടി വന്നു.

ശ്രീകുമാരന്‍ തമ്പി-എം.കെ അര്‍ജുനന്‍ മാഷ് ടീമിന്റെ കൂട്ടായ്മയില്‍ പിറന്നത് മലയാളത്തിന് എക്കാലവും ഓര്‍മ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്.

ശ്രദ്ധേയമായ പാട്ടുകള്‍

പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും, യമുനേ യദുകുലരതിദേവനെവിടെ, പറഞ്ഞപോലെ യമുനേ., കസ്തൂരി മണക്കുന്നല്ലോ, പാലരുവി കരയില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.