1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2020

സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് പറഞ്ഞ മോദി ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന് മോദി ഉറപ്പുനല്‍കുകയും ചെയ്തു. നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും മോദി അനുമോദിച്ചു. കമലയുടെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് അഭിമാനകരമാണെന്ന് മോദി പറഞ്ഞു.

നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിൽ എത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം. ഹൗഡി മോദി പരിപാടിക്കിടെ പ്രസംഗിക്കുമ്പോള്‍ ആയിരുന്നു മോദി ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന് ആഹ്വാനം ചെയ്തത്. അതേസമയം താന്‍ തോറ്റതായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.