1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2019

സ്വന്തം ലേഖകന്‍: കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശിക്കാനെത്തിയത്. കേദാര്‍നാഥിലെത്തിയ മോദി അവിടുത്തെ മലനിരകളിലുളള ഗുഹയില്‍ ധ്യാനം ചെയ്തു. ഇതോടെ ഗുഹയ്ക്ക് പ്രശസ്തിയാര്‍ജിച്ചു. മോദി ധ്യാനനിമഗ്‌നനായ ഗുഹയിലേക്ക് ഇപ്പോള്‍ തീര്‍ഥാടകരുടെ ഒഴുക്കാണ്. ദിവസവും നിരവധി പേരാണ് ഘര്‍വാള്‍ മണ്ഡല്‍ വികാസ് നിഗം ലിമിറ്റഡ് (ജിഎംവിഎന്‍) വെബ്‌സൈറ്റിലെത്തി ബുക്ക് ചെയ്യുന്നത്.

ജൂലൈ മാസം മുഴുവന്‍ ധ്യാന്‍ ഗുഹ തീര്‍ഥാടകര്‍ ബുക്ക് ചെയ്തതായും ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ് ചെയ്യുന്നതായും ജിഎംവിഎന്‍ ജനറല്‍ മാനേജര്‍ ബി.എല്‍.റാണ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളളവരാണ് ബുക്ക് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ഒരു ദിവസം പോലും ധ്യാന്‍ ഗുഹയില്‍ ആരും എത്താതെ വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപത്തുളള ഗുഹയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചതോടെ ധ്യാനത്തിനായി മറ്റു മൂന്നു ഗുഹകള്‍ കൂടി സജ്ജീകരിക്കാനുളള നീക്കത്തിലാണെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഗില്‍ദിയാല്‍ പിടിഐയോട് പറഞ്ഞു. ഇപ്പോഴുളളതിന് അടുത്തായി മൂന്നു ഗുഹകള്‍ കൂടി നിര്‍മ്മിക്കാനാണ് നീക്കം. ഒന്നിന്റെ നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു. മറ്റു രണ്ടു ഗുഹകള്‍ നിര്‍മ്മിക്കുന്നതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ ഗുഹ അവിടെയുണ്ടെന്നാണ് ഗില്‍ദിയാല്‍ പറയുന്നത്. പക്ഷേ മേയ് 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ ധ്യാനം ചെയ്തതു മുതലാണ് ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടായത്. ഗുഹയില്‍ കാവി പുതച്ച് ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് വരാന്‍ കൂടുതല്‍ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.