1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2018

 

സ്വന്തം ലേഖകന്‍: പതിവുപോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; ഇത്തവണ ആഘോഷം ചൈന അതിര്‍ത്തിയില്‍. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്നും 7,860 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹര്‍സില്‍ കണ്‍ടോണ്‍മെന്റ് എരിയയില്‍ സൈനികര്‍ക്കും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) അംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റപ്പെട്ട മഞ്ഞുമലകളില്‍ ജോലിയോട് സൈനികര്‍ കാണിക്കുന്ന ആത്മാര്‍ഥത രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന ഘടകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

125 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ക്കു നിറംപകര്‍ന്ന്, അവരുടെ ഭാവി ഭദ്രമാക്കുന്ന സൈനികര്‍ ജനതക്കിടയില്‍ സുരക്ഷിതത്വബോധവും നിര്‍ഭയത്വവും വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതായും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ദീപാവലി കൂട്ടായ്മയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലംതൊട്ടു സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികര്‍ക്കു മധുരപലഹാരങ്ങളും വിതരണം ചെയ്തു. ദീപാവലി ആശംസിക്കാനെത്തിയ പ്രദേശവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

വെളിച്ചങ്ങളുടെ ആഘോഷമാണു ദീപാവലി. നന്മയുടെ വെളിച്ചം പകര്‍ന്നു ഭയമില്ലാതാക്കാന്‍ അതു സഹായിക്കുന്നു. പ്രതിരോധ മേഖലയില്‍ വന്‍ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോള പ്രശംസ നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി, 2013 ല്‍ ഉണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടം നേരിട്ട ക്ഷേത്രത്തിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.