1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2019

സ്വന്തം ലേഖകന്‍: മോദി ഭീരു, ചര്‍ച്ചയ്ക്കു വിളിച്ചാല്‍ ഓടിയൊളിക്കുമെന്ന് രാഹുല്‍ ഗാന്ധി; ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്ന് തിരിച്ചടിച്ച് മോദി; രാഹുല്‍, മോദി വാക്‌പോര് മുറുകുന്നു. പ്രധാനമന്തി നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

ബി.ജെ.പിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് ഭരണം നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘മോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യം മനസിലാകുമെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണെന്നാണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാല്‍ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല,’ രാഹുല്‍ ആഞ്ഞടിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. രാജ്യമാണ് ബി.ജെ.പിയേക്കാള്‍ വലുതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. നരേന്ദ്രമോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പത്തു മിനുട്ട് നേരം ഒരു വേദിയില്‍ നിന്ന് തന്നോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തിരിച്ചടിച്ചത്. ലോക്‌സഭയിലായിരുന്നു മോദിയുടെ ആക്രമണം. കേരളത്തില്‍ ഉള്‍പെടെ പരസ്പരം കണ്ടുകൂടാത്തവര്‍ സഖ്യത്തിനൊരുങ്ങുന്നുവെന്നും വിശാലസഖ്യം അധികാരത്തിലെത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രം കോണ്‍ഗ്രസിനാണുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1959ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഭരിച്ച 55 വര്‍ഷവും താന്‍ ഭരിച്ച 55 മാസവും താരതമ്യം ചെയ്യൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം സാമ്പത്തിക രംഗത്ത് ലോകത്ത് പതിനൊന്നാം സ്ഥാനത്തുനിന്ന് ആറിലെത്തി. പതിനൊന്നിലെത്തിയപ്പോള്‍ സന്തോഷിച്ചവര്‍ ഇപ്പോള്‍ ദുഃഖിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

റഫാല്‍ വിഷയത്തില്‍ നുണ പറയുന്ന കോണ്‍ഗ്രസിന് വ്യോമസേന ശക്തിപ്പെടണമെന്ന് ആഗ്രഹമില്ലെന്നും മോദി പറഞ്ഞു. മോദിക്കെതിരെ ഉടന്‍ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. 30000 കോടിയുടെ റഫാല്‍ കരാര്‍ സൈന്യത്തില്‍ നിന്ന് മോഷ്ടിച്ച് പ്രധാനമന്ത്രി അനില്‍ അംബാനിക്ക് നല്‍കിയെന്നാണ് താന്‍ പറഞ്ഞതെന്നും അത് ഓര്‍ത്ത് വെക്കണം എന്നുമായിരുന്നു രാഹുലിന്റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.