1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി, വന്‍ വരവേല്‍പ്പും ഒപ്പം കടുത്ത പ്രതിഷേധവും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹീത്രു വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി. പ്രിതി പട്ടേല്‍, ബ്രിട്ടിഷ് മന്ത്രിസഭാംഗം ഹ്യൂയോ സ്വയര്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ജയിംസ് ബീവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന മോഡിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും എലിസബത്ത് രാജ്ഞിയും ഔദ്യോഗിക സല്‍ക്കാരങ്ങളൊരുക്കും. ഒരു നേതാവിനും വെംബ്ലി സ്‌റ്റേഡിയം നിറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു നേരത്തേ ഓര്‍മപ്പെടുത്തിയ കാമറൂണിന് അതിഗംഭീരമായ ചടങ്ങിലൂടെ മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് അവിടുത്തെ ഇന്ത്യന്‍ സമൂഹം.

‘ലണ്ടനിലെത്തി. ഇന്ത്യായു.കെ. സൗഹൃദത്തിനു പുതിയ ഉത്തേജനം. കാത്തിരിക്കുന്നത് വിപുലമായ പരിപാടികള്‍’. ലണ്ടനിലെത്തിയ മോഡി ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററിലൂടെ തന്നെ കാമറൂണിന്റെ സ്വാഗത സന്ദേശവുമെത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഗാര്‍ഡ് ഓഫ് ഓണറോടെ ഔപചാരിക സ്വീകരണം. പിന്നീട് കാമറൂണുമായി ഉഭയകക്ഷി ചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും.ഇന്നു രാവിലെ പാര്‍ലമെന്റ് ചത്വരത്തിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന എന്നിവയാണ് മോദിയുടെ ആദ്യ പരിപാടികള്‍. തുടര്‍ന്ന് പാര്‍ലമെന്റിലെ പ്രസംഗം, ഗില്‍ഡ് ഹാളില്‍ റോള്‍സ് റോയ്‌സ്, വോഡഫോണ്‍ തുടങ്ങി വമ്പന്‍ കമ്പനികളുടെ തലവന്മാര്‍ പങ്കെടുക്കുന്ന സി.ഇ.ഒ. റൗണ്ട്‌ടേബിള്‍ യോഗം എന്നിവയിലും ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കും.

1,000 കോടി പൗണ്ടിന്റെ വ്യാപാരവാണിജ്യ കരാറുകളാണ് മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നത്. റോയല്‍ എയര്‍ഫോഴ്‌സിന്റെ റെഡ് ആരോസ് ഏയ്‌റോബാറ്റിക് ടീം മോഡിക്കായി അഭ്യാസപ്രകടനം ഒരുക്കുന്നുണ്ട്. ഒപ്പം പ്രമുഖ തത്വചിന്തകനായ ബസവേശ്വരന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഡോ. അംബേദ്കറിന്റെ പുതിയ സ്മാരകം ഉദ്ഘാടനവും ടാറ്റ ഗ്രൂപ്പിന്റെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി സന്ദര്‍ശനവും അജന്‍ഡയിലുണ്ട്. മൂന്നു ദിവസത്തെ തിരക്കു പിടിച്ച യുകെ പരിപാടികള്‍ക്കു ശേഷം മോദി ജി20 സമ്മേളനത്തിനായി അങ്കാറയിലേക്ക് പറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.