1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2018

സ്വന്തം ലേഖകന്‍: വിവരക്കേട് വിളമ്പി സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യരാകുന്ന ബിജെപി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി മോദി. മാധ്യമങ്ങള്‍ക്കു മസാലകള്‍ നല്‍കി നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ക്യാമറ കാണുമ്പോള്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ പാതിവെന്ത കാര്യങ്ങള്‍ പലരും വിളിച്ചുപറയുന്നു. ഇതു പിന്നീടു മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം വിവാദ പ്രസ്താവനകള്‍ അത് നടത്തുന്ന വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെയും പ്രതിച്ഛായ കെടുത്തുമെന്ന് ബിജെപി നേതാക്കളുമായി മോദി ആപ്പിലൂടെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മോദി പറഞ്ഞു.

മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി. മഹാഭാരത കാലത്തെ ഇന്റനെറ്റും, ഡാര്‍വിന്‍ തിയറിയുമൊക്കെ അടുത്തിടെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കത്വ ബലാത്സംഗത്തിലും ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ഇന്ത്യപോലെ വലിയൊരു രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗങ്ങള്‍ ഉണ്ടാവുന്നതിന് വലിയ പ്രചാരണം നല്‍കേണ്ടെന്ന് ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്‌വര്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

ഉന്നാവ് കേസുമായി ബന്ധപ്പെട്ടു ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. മാനഭംഗക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സെംഗറിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ‘ഇന്റര്‍നെറ്റ്’ പ്രസ്താവനയും പരിഹാസമേറ്റുവാങ്ങി. മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പോലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ബിപ്ലബിന്റെ വാദം. സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താന്‍ പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ ശ്രമിക്കണമെന്നും മോദി ഉപദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.